കാസർകോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വരുത്തുന്ന സാമ്പത്തിക ബാധ്യതയ്ക്ക് സംസ്ഥാനം വിലകൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഒരു സ്ത്രീ ജീവനാംശം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ നീതിനടപ്പാക്കുന്നതിന് പകരം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയെ സംരക്ഷിച്ച് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. ബിനോയി നൽകുന്ന നഷ്ടപരിഹാരത്തുകയായ കോടികളുടെ ബാധ്യത കേരളത്തിലെ പാവങ്ങളുടെ തലയിലാണോ വന്ന് പതിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്കും പിണറായിയും തുറന്നുപറയാൻ തയ്യാറാകണം.
പ്രവാസികളെ കൊലപ്പെടുത്തുന്ന ആരാച്ചാർമാരാണ് സി.പി.എം ഭരിക്കുന്ന നഗരസഭകളിലുള്ളത്. വ്യവസായങ്ങൾ നടത്തി ജീവിക്കാൻ സാഹചര്യമില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ്. ഇതാണോ ജനപക്ഷത്ത് നിൽക്കുന്നെന്ന് അവകാശപ്പെടുന്ന സർക്കാർ ചെയ്യേണ്ടത്. അയ്യപ്പനെതിരെ പ്രവർത്തിച്ചവർ ഓരോരുത്തർക്കായി മറുപടി കിട്ടിക്കൊണ്ടിരിക്കുകയാണെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായ്ക്, സെക്രട്ടറി വി.കെ.സജീവൻ, ഉത്തരമേഖലാ സംഘടനാ സെക്രട്ടറി കു.വൈ.സുരേഷ്, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. വി. ബാലകൃഷ്ണഷെട്ടി, രവീശതന്ത്രി കുണ്ടാർ, പി. സുരേഷ്‌കുമാർ ഷെട്ടി, ജില്ലാ സെക്രട്ടറി ബളാൽ കുഞ്ഞിക്കണ്ണൻ, ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ, പി. രമേശ് തുടങ്ങിയവർ സംബന്ധിച്ചു.