മട്ടന്നൂർ: രണ്ടു മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ മേട്ടുപ്പാളയത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ കുഴിക്കലിലെ ജാനകി നിവാസിൽ സുരേഷിന്റെ ഭാര്യ എം. റീന (38) ആണ് മേട്ടുപ്പാളയത്ത് താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടതായി മട്ടന്നൂർ പൊലീസിൽ വിവരം ലഭിച്ചത്.
മൂന്നുമാസം മുമ്പായിരുന്നു റീന രണ്ട് മക്കളെ ഉപേക്ഷിച്ച് അയൽ വാസിയായ കാമുകൻ ഷാനവാസിനോടൊപ്പം ഒളിച്ചോടിയത്. റീനയെ കാണാനില്ലെന്ന് ഭർത്താവ് സുരേഷ് മട്ടന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പണവും, സ്വർണവുമായി ഭാര്യയെ ഷാനവാസ് തട്ടിക്കൊണ്ടുപോയതായാണ് സുരേഷ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് റീന മരിച്ചതായുള്ള വിവരം ലഭിച്ചത്.
മട്ടന്നൂർ സി.ഐ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് മേട്ടുപ്പാളയത്ത് എത്തി കാമുകൻ ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് മട്ടന്നൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യും.
ഷാനവാസിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. റീനയുടെ മരണ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരേതനായ കുഞ്ഞിരാമന്റെയും പാർവതിയുടെയും മകളാണ്. മക്കൾ: അഭിന, അശ്വിൻ കൃഷ്ണ (ഇരുവരും വിദ്വാർത്ഥികളാണ്). സഹോദരങ്ങൾ: ശോഭ, ബാബു, രാജേഷ്.
മേട്ടുപ്പാളയത്ത് നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നുപുലർച്ചെ മൃതദേഹം തറവാട് വീടായ മട്ടന്നൂർ പരിയാരം വീട്ടിലെത്തിക്കും. തുടർന്ന് 8 മണിയോടെ സംസ്‌കരിക്കും.
കൃഷ്ണൻ നായർ
നീലേശ്വരം: പുതുക്കൈ ഭൂദാനത്തെ കോറോത്ത് കൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: വനജ. മകൾ: സൗമ്യ. മരുമകൻ: സതീഷ് കുമാർ. സഹോദരങ്ങൾ: ലക്ഷ്മി, നാരായണി.