കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി.ജയരാജൻ നിലപാട് വ്യക്തമാക്കുന്ന അഭിമുഖം ഒരു വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ആന്തൂർ വിഷയത്തിൽ സി.പി.എമ്മിൽ പുതിയ വിവാദം. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനു വിരുദ്ധമായ അഭിപ്രായമാണ് അഭിമുഖത്തിൽ ജയരാജന്റേത്.
സാജന്റെ കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിൽ നഗരസഭാ അദ്ധ്യക്ഷയെന്ന നിലയിൽ ശ്യാമളയ്ക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്നും അത് ഉൾകൊള്ളണമെന്നും അഭിമുഖത്തിൽ ജയരാജൻ പറയുന്നു. അതേസമയം, കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗം ചേരുന്നതിനു മുമ്പ് താൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് ജയരാജന്റെ വാദം.
അഭിമുഖത്തിൽ നിന്നുള്ള ഭാഗം: 'ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നടപടി സെക്രട്ടറി, എൻജിനിയർ, ഓവർസിയർമാർ എന്നിവർ സ്വീകരിച്ചതുകൊണ്ടാണ് സർക്കാർ അവർക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിർമാണ ചട്ടമനുസരിച്ച് അനുമതി കൊടുക്കേണ്ടത് ഉദ്യോഗസ്ഥരാണ്. എന്നാൽ, ശ്യാമള ടീച്ചർ അവിടത്തെ ചെയർപേഴ്സൺ ആണ്. അവർക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്. അത് ടീച്ചർ ഉൾക്കൊള്ളണം.
സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് സാജൻ എന്നെ കാണാൻ വന്നത്. കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ് കൊടുത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അന്വേഷിച്ചു. ചട്ടലംഘനം ക്രമവത്കരിച്ചു നൽകാനാണ് ഞാൻ നഗരസഭയ്ക്ക് നിർദേശം നൽകിയത്.
ന്യൂനതകൾ പരിഹരിച്ച് പാർത്ഥാസ് ബിൽഡേർസ് വീണ്ടും നഗഭസഭയ്ക്ക് ഏപ്രിലിൽ അപേക്ഷ കൊടുത്തു. പിന്നീടും കാലതാമസം വന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചത്.'
രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന് പരസ്യ നിലപാടെടുത്ത ജയരാജനെ തള്ളിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ഇത് ഇന്ന് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യാനിരിക്കെയാണ് വിവാദ അഭിമുഖം പുറത്തുന്നത്. താൻ പാർട്ടിക്ക് അതീതനല്ല, വിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് അഭിമുഖത്തിൽ വ്യക്തമാക്കുന്ന ജയരാജൻ, പാർട്ടിയിൽ ആരും ആരെയും ഒതുക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
കണ്ണൂരിൽ പി. ജയരാജനെ ബിംബമാക്കി സി.പി.എമ്മിനെ ആക്ഷേപിക്കാൻ നോക്കേണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ പാർട്ടി സംസ്ഥാന സമിതിയിലും അത്തരം വിമർശനങ്ങളുണ്ടായിരുന്നു. പി.ജെ ആർമി എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മയെ ജയരാജൻ തള്ളിപ്പറഞ്ഞതും നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു.