p-jayarajan

കണ്ണൂർ: പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്റെ ആ​ത്മ​ഹ​ത്യ​യ്‌ക്ക് ഇടയാക്കിയ സം​ഭ​വ​ത്തി​ൽ ആന്തൂർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യ്ക്ക് വീ​ഴ്ച പ​റ്റി​യെന്ന് പി.ജയരാജൻ നിലപാട് വ്യക്തമാക്കുന്ന അഭിമുഖം ഒരു വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ആന്തൂർ വിഷയത്തിൽ സി.പി.എമ്മിൽ പുതിയ വിവാദം. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ല​പാ​ടിനു വിരുദ്ധമായ അഭിപ്രായമാണ് അഭിമുഖത്തിൽ ജയരാജന്റേത്.

സാ​ജന്റെ കെ​ട്ടി​ടഅ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ നഗരസഭാ അദ്ധ്യക്ഷയെന്ന നിലയിൽ ശ്യാ​മ​ള​യ്ക്ക് വീ​ഴ്ച​പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ത് ഉ​ൾ​കൊ​ള്ള​ണ​മെ​ന്നും അഭിമുഖത്തിൽ ജ​യ​രാ​ജ​ൻ പ​റയുന്നു. അതേസമയം,​ കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗം ചേരുന്നതിനു മുമ്പ് താൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് ജയരാജന്റെ വാദം.

അഭിമുഖത്തിൽ നിന്നുള്ള ഭാഗം: 'ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നടപടി സെക്രട്ടറി, എൻജിനിയർ, ഓവർസിയർമാർ എന്നിവർ സ്വീകരിച്ചതുകൊണ്ടാണ് സർക്കാർ അവർക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിർമാണ ചട്ടമനുസരിച്ച് അനുമതി കൊടുക്കേണ്ടത് ഉദ്യോഗസ്ഥരാണ്. എന്നാൽ, ശ്യാമള ടീച്ചർ അവിടത്തെ ചെയർപേഴ്സൺ ആണ്. അവർക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്. അത് ടീച്ചർ ഉൾക്കൊള്ളണം.

സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് സാജൻ എന്നെ കാണാൻ വന്നത്. കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ് കൊടുത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അന്വേഷിച്ചു. ചട്ടലംഘനം ക്രമവത്കരിച്ചു നൽകാനാണ് ഞാൻ നഗരസഭയ്ക്ക് നിർദേശം നൽകിയത്.

ന്യൂനതകൾ പരിഹരിച്ച് പാർത്ഥാസ് ബിൽഡേർസ് വീണ്ടും നഗഭസഭയ്ക്ക് ഏപ്രിലിൽ അപേക്ഷ കൊടുത്തു. പിന്നീടും കാലതാമസം വന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചത്.'

രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യെ​ന്ന് പ​ര​സ്യ നി​ല​പാ​ടെ​ടു​ത്ത ജ​യ​രാ​ജ​നെ ത​ള്ളി​യാ​യി​രു​ന്നു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​ത് ഇന്ന് ജി​ല്ലാ ക​മ്മി​റ്റി​യിൽ റി​പ്പോ‌ർട്ട് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് വിവാദ അഭിമുഖം പുറത്തുന്നത്. താൻ പാർട്ടിക്ക് അതീതനല്ല, വിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് അഭിമുഖത്തിൽ വ്യക്തമാക്കുന്ന ജയരാജൻ, പാർട്ടിയിൽ ആരും ആരെയും ഒതുക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

കണ്ണൂരിൽ പി. ജയരാജനെ ബിംബമാക്കി സി.പി.എമ്മിനെ ആക്ഷേപിക്കാൻ നോക്കേണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ പാർട്ടി സംസ്ഥാന സമിതിയിലും അത്തരം വിമർശനങ്ങളുണ്ടായിരുന്നു. പി.ജെ ആർമി എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മയെ ജയരാജൻ തള്ളിപ്പറഞ്ഞതും നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു.