quar

കാസർകോട്: പരപ്പ മുണ്ടത്തടം കരിങ്കൽ ക്വാറി പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത, വിജനമായ അമ്പത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ്. അടുത്തെങ്ങും വീടില്ല. ക്രഷർ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന് 500 മീറ്ററിനപ്പുറമാണ് രണ്ടു വീടുകളുള്ളത്. മറ്റു വീടുകളും കോളനിയുമുള്ളത് ഒരു കിലോമീറ്ററിനും അകലെ. ഖനനം നടത്തുന്ന ഏരിയയ്ക്ക് ചുറ്റിലുമുള്ളത് ഉടമയുടെ സ്വന്തം സ്ഥലവും റബർ തോട്ടവും തെങ്ങിൻ തോട്ടവും കെട്ടിടങ്ങളുമാണ്. അതിനപ്പുറത്ത് വന പ്രദേശമാണ്.

ക്വാറി ഉടമ നീലേശ്വരം ചായ്യോത്തെ സി. നാരായണന് അമ്പതേക്കറിൽ 12 ഏക്കർ ഭൂമിയിലാണ് കരിങ്കൽ ഖനനം നടത്താൻ 12 വർഷത്തേക്ക് അനുമതി ലഭിച്ചത്.

ക്രഷർ യൂണിറ്റിനായി ബാങ്ക് വായ്പയെടുത്തും സമ്പാദ്യം മുഴുവൻ ചെലവഴിച്ചും കോടികൾ മുടക്കി യന്ത്രസാമഗ്രികൾ വരുത്തിച്ചു. ക്രഷർ പ്രവർത്തനത്തിന്റെ പരീക്ഷണം പോലും നടന്നിട്ടില്ല. ഇതിനെതിരെ ഒരു വിഭാഗം സമരം തുടങ്ങിയതാണ് കാരണം.

സർക്കാർ നിയമങ്ങൾ പാലിച്ചും ഹൈക്കോടതിയുടെ സംരക്ഷണത്തിലും പ്രവർത്തിക്കുന്ന ക്വാറിയും ക്രഷറും അടച്ചുപൂട്ടുന്നതിന് ചിലർ ഗൂഢാലോചന നടത്തിയെന്നാണ് ഉടമ പറയുന്നത്.

കർണാടകയിലെ വിട്‌ളയിൽ വ്യവസായം തുടങ്ങാനിരുന്ന നാരായണനെ മരുമകൾ പ്രഗ്യയും മക്കളുമാണ് പിന്തിരിപ്പിച്ച് നാട്ടിൽ തന്നെ സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചത്. 2008 ലാണ് മുണ്ടത്തടത്ത് നാരായണൻ സ്ഥലം വാങ്ങിയത്. ഇതിനു ശേഷം 2013 ലാണ് ക്വാറി ആരംഭിക്കുന്നത്. എന്നാൽ ഇന്ന് സമരം കാരണം കരാറുകാരനും കുടുംബവും ആത്മഹത്യയുടെ മുനമ്പിലാണ്.

ക്വാറിയോടനുബന്ധിച്ച് 2019 ഫെബ്രുവരിയിൽ ക്രഷർ യൂണിറ്റ് തുടങ്ങാനിരുന്നപ്പോഴാണ് ചിലർ സമരവുമായി പ്രത്യക്ഷപ്പെട്ടത്. പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തി കഴിഞ്ഞ മാർച്ച് 29ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ മാസം 11 ന് കാസർകോട് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് സ്ഥാപനം താത്കാലികമായി പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയത്. ക്വാറിയും ക്രഷറും താത്കാലികമായി അടഞ്ഞതോടെ ഇവിടെ ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികളുടെ കുടുംബങ്ങളും വഴിയാധാരമായി.