കാസർകോട്: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിർമ്മാണ അനുമതിക്ക് വേണ്ടിയുള്ള അപേക്ഷകളിൽ തീർപ്പാക്കുവാൻ ബാക്കിയുള്ളവ ജൂലായ് നാലിനകം തീർപ്പാക്കണമെന്നു ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർദേശിച്ചു. അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസം സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ പ്രത്യേക അവലോകന യോഗത്തിലാണു ജില്ലാ കളക്ടറുടെ നിർദേശം.
കെട്ടിട നിർമ്മാണ പ്ലാനുകളിലെ അപാകതകൾ നിമിത്തവും നിർമ്മാണത്തിലെ അപാകതയാലും നിരാക്ഷേപ പത്രങ്ങൾ (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കുവാൻ കഴിയാത്ത കാരണത്താലും തീർപ്പാകാതെ നിലനിൽക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ജൂലൈ ഒന്നിനകം അപാകത തീർത്തു നൽകണം.

നോട്ടീസ് നൽകിയിട്ടുള്ള കെട്ടിട ഉടമകളെ പഞ്ചായത്തിലെ റവന്യു ഇൻസ്‌പെക്ടർമാർ നേരിട്ടുകണ്ട് എന്താണ് അപാകതയെന്നും എങ്ങനെ പരിഹരിക്കാമെന്നും പറഞ്ഞു മനസിലാക്കണം. തുടർന്ന് ഈ റവന്യു ഇൻസ്‌പെക്ടർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിമാർ കെട്ടിട ഉടമകളെ ഫോണിൽ വിളിച്ച് കാരണം വ്യക്തമാക്കണം. എന്നിട്ടും അപാകതകൾ പരിഹരിച്ചില്ലെങ്കിൽ മാത്രമാകണം തീർപ്പാക്കുവാനെന്നും സെക്രട്ടറിമാർക്ക് കളക്ടർ നിർദേശം നൽകി.