കണ്ണൂർ: പദ്ധതി തുക വെട്ടിക്കുറച്ചതിനെതിരെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം.ഭരണ പ്രതിപക്ഷ കൗൺസിലർമാരുടെ ബഹളത്തെ തുടർന്ന് മേയർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ 'ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കൂ, മേയറുടെ അഹങ്കാരം ഒഴിവാക്കൂ' എന്ന് അഡ്വ.പി.ഇന്ദിര പറഞ്ഞു. കാര്യങ്ങൾ വ്യക്തമാക്കുമ്പോൾ എന്തിനാണ് മേയർ ആക്രോശിക്കുന്നതെന്നും അവർ ചോദിച്ചു.
പദ്ധതിയുടെ ലിസ്റ്റ് കൗൺസിലർമാർക്ക് വിതരണം ചെയ്യാത്തതിനെ തുടർന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഇന്ദിര, രഞ്ജിത്ത് താളിക്കാവ്, എം. ഷഫീക്ക് തുടങ്ങിയവർ ബഹളം വച്ചു. ഇതേ തുടർന്ന് യോഗം നടക്കുന്നതിനിടെ ലിസ്റ്റ് വിതരണം ചെയ്തു.
കൗൺസിലർമാർ തമ്മിൽ തർക്കമായതോടെ യോഗം അവസാനിച്ചതായി മേയർ അറിയിച്ചു.തുടർന്ന് മൈക്ക് ഓഫ് ചെയ്തു മേയർ എഴുന്നേറ്റ് പോയി. ചർച്ചയ്ക്കിടെ മേയർ യോഗം അവസാനിപ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പിന്നീട് ടി.ഒ മോഹനൻ സംസാരിച്ചു. സി. സമീർ സംസാരിക്കുന്നതിനിടയിൽ ഭരണപക്ഷ കൗൺസിലർ മൈക്ക് ഓഫാക്കിയതോടെ ഉന്തും തള്ളുമായി. ഒടുവിൽ യു.ഡി.എഫ് കൗൺസിലർമാർ സമാന്തര കൗൺസിൽ യോഗവും ചേർന്നു. റോഡ് വികസത്തിന് സ്ഥലമേറ്റെടുക്കൽ പ്രശ്‌നം ചർച്ച ചെയ്യുന്നില്ലെന്നു പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. കക്കാട്, പള്ളിപ്രം മേഖലകളിൽ നടപ്പാക്കുന്ന റോഡ് വികസനത്തിൽ യു.പി സ്‌കൂളും നിരവധി വീട്ടുകാരും ഒഴിയേണ്ട അവസ്ഥയാണെന്ന് എറമുള്ളാൻ, സി. സമീർ എന്നിവർ പറഞ്ഞു.
കൃത്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള യോഗങ്ങൾ നടത്തി ചർച്ച ചെയ്യാറുണ്ടെന്ന് മേയർ ഇ.പി ലത പറഞ്ഞു. 18നു നടന്ന കൗൺസിൽ യോഗത്തിൽ സ്പിൽ ഓവർ പദ്ധതികൾ അംഗീകരിച്ചതാണ്. അന്നു പ്രതിപക്ഷാംഗങ്ങൾ ബഹിഷ്‌കരിക്കുകയായിരുന്നു. 26നു ഉച്ചയ്ക്ക് 2.30ന് എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി യോഗം ചേർന്നിരുന്നു. യോഗത്തിൽ വെള്ളോറ രാജനും ഡെപ്യൂട്ടി മേയർ പി.കെ രാഗേഷും പങ്കെടുത്തില്ല. 27നു സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നിരുന്നു.
വിവിധ കക്ഷി രാഷ്ട്രീയ അംഗങ്ങളെന്ന നിലയിലും കൗൺസിലർമാരെ ഉൾപ്പെടുത്തിയാണ് ഇത്തരം യോഗങ്ങൾ ചേരുന്നത്. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും സർക്കാർ ഫണ്ട് വിഹിതം കുറച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ കോർപറേഷനിൽ 30 ശതമാനമാക്കി മാറ്റി സർക്കാർ അനുവദിച്ചിട്ടുണ്ട്. തുക പകുതിയോളമായി കുറഞ്ഞതിനാൽ പല പദ്ധതികളും ഒഴിവാക്കേണ്ടിവരുമെന്ന ആശങ്കയും പ്രതിപക്ഷം ഉന്നയിച്ചു.
പദ്ധതിയുടെ ഭേദഗതിയും അടങ്കലും ഒന്നും സ്റ്റാൻഡിങ് കമ്മിറ്റി അറിയുന്നില്ല
ജമിനി ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ
അടിയന്തര യോഗം വയ്ക്കാനുള്ള കാരണം കൗൺസിലർമാരുടെ നിസംഗത കാരണം
വെള്ളോറ രാജൻ
753 കോടിയുടെ റോഡ് വികസന ഫണ്ട് സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിൽ സ്ഥലമേറ്റെടുപ്പിനായി 453 കോടിയും ബാക്കി തുക വികസനത്തിനുമാണ് വിനിയോഗിക്കുന്നത്.
മേയർ ഇ.പി ലത