കണ്ണൂർ: സംസ്ഥാന സമിതി തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ നിലപാടുകൾ സി.പി.എം നേതൃത്വത്തെ വിഷമവൃത്തത്തിലാക്കി. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്ന് ആവർത്തിക്കുന്ന ജയരാജൻ, നിലപാടുകൾ തിരുത്താൻ തയ്യാറാകാത്തതാണ് നേതൃത്വത്തെ ഒരു വേള അമ്പരിപ്പിക്കുന്നത്. ജയരാജന്റെ നിലപാടുകൾ കണ്ണൂർ പാർട്ടിയിൽ വലിയ പ്രത്യാഘാതത്തിന് വഴിതുറക്കുമെന്നാണ് സൂചന.
നിലവിൽ വിവാദങ്ങളുടെയെല്ലാം ഒരുവശത്ത് പി. ജയരാജൻ ഒറ്റയ്ക്കാണ്. മറ്റ് നേതാക്കളെല്ലാം വിവിധ പക്ഷങ്ങളായി മറുവശത്തും. പക്ഷേ അണികളുടെ കരുത്തിൽ കണ്ണൂരിൽ മേൽക്കൈ ജയരാജനും. നേതൃത്വത്തിന്റെ ആശങ്കയ്ക്ക് കാരണം പാർട്ടിക്കുള്ളിൽ വളരുന്ന ജയരാജന്റെ സ്വാധീനമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.സി.ഒ.ടി.നസീർ വധശ്രമം, ആന്തൂർ തുടങ്ങിയ വിഷയങ്ങൾ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുമ്പോഴും ജയരാജന്റെ വ്യത്യസ്ത നിലപാടുകൾ സംസ്ഥാന നേതൃത്വത്തെ കുഴക്കുന്നുണ്ട്. ഈ രണ്ടു സംഭവങ്ങളും ജയരാജന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയാണുണ്ടായത്. വ്യക്തി പൂജാ വിവാദത്തിലൂടെയും അക്രമ രാഷ്ട്രീയത്തിന്റെ വക്താവായി ചിത്രീകരിച്ചും ജയരാജനു തടയിടാനുള്ള മറുപക്ഷത്തിന്റെ നീക്കങ്ങൾ ഇതുവരെയും ലക്ഷ്യം കണ്ടില്ല. ബിംബാരാധനയ്‌ക്കെതിരെ നേതൃത്വം പരസ്യ നിലപാടെടുത്തപ്പോഴും അതിനെ പരോക്ഷമായി ചോദ്യം ചെയ്ത് സൈബർ പോരാളികളും പി.ജെ. ആർമിയും ജയരാജന് സംരക്ഷണം തീർത്തു. പിന്നീട് കണ്ണൂരിലെ ഉന്നത നേതാക്കളെക്കാൾ അണികൾക്കിടയിൽ ജയരാജന്റെ സ്വാധീനം പാർട്ടിയിൽ വർദ്ധിച്ചപ്പോഴാണ് പാർട്ടി കോട്ടയിൽ ഭിന്നതകൾ മറനീക്കി പുറത്തു വന്നു തുടങ്ങിയത്. ജയരാജനെ ' ചെന്താരകമായി' പുകഴ്ത്തി പാട്ടുകളിറങ്ങിയതും സമൂഹ മാദ്ധ്യമങ്ങളിലെ ഫാൻസ് ഇടപെടലുകളും ചൂണ്ടിക്കാട്ടി എതിരാളികൾ ജയരാജനെതിരേ നീക്കം ആരംഭിക്കുകയായിരുന്നു.എന്നാൽ എല്ലാ വിമർശനങ്ങളെയും നേരിടാനുള്ള ശേഷി ജയരാജനും പ്രകടിപ്പിച്ചു തുടങ്ങിയതോടെ ശീതസമരം ശക്തമാകുകയായിരുന്നു. ആന്തൂർ വിഷയത്തിൽ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ പരസ്യമായി പി. ജയരാജൻ തള്ളിപ്പറഞ്ഞപ്പോൾ പാർട്ടിയും സർക്കാരും ശ്യാമളക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. എന്നാൽ ധമ്മശാലയിൽ നടന്ന വിശദീകരണ പൊതുയോഗത്തിൽ ശ്യാമളയ്‌ക്കെതിരെ ജയരാജൻ പരസ്യമായി രംഗത്ത് വന്നതും നേതൃത്വത്തെ അത്ഭുതപ്പെടുത്തുന്നു. ജില്ലാ കമ്മിറ്റി അംഗമായ ശ്യാമളയെ സംരക്ഷിക്കാൻ സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും രംഗത്തിറങ്ങിയ വേളയിലാണ് ജയരാജൻ തുറന്നടിച്ചത് എന്നതും ശ്രദ്ധേയമാണ്.