കണ്ണൂർ: ബി.ജെ.പിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ലോകം തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി അംഗത്വമെടുത്ത ശേഷം ജില്ലാ ആസ്ഥാനമായ മാരാർ ഭവനിൽ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയെ പ്രശംസിച്ചതിന്റെ പേരിൽ ഇടത്, വലത് പ്രസ്ഥാനങ്ങളിൽ നിന്ന് പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ട എനിക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം അഭയം തന്നത് എന്റെ സുകൃതമാണ്. പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, 'നിങ്ങളുടെ കാഴ്ചപ്പാട് വികസനമാണ്. അതുകൊണ്ടാണ് നിങ്ങൾ എന്നെ പ്രശംസിച്ചത്. നിങ്ങൾ പൊതു പ്രവർത്തനം അവസാനിപ്പിക്കരുത്". ബി.ജെ.പി ന്യൂനപക്ഷങ്ങൾക്ക് എതിരല്ല. ട്രോളൻമാർ എന്നെ പരിഹസിക്കുന്നത് ചരിത്ര ബോധമില്ലാത്തതു കൊണ്ടായിരിക്കാം. ദേശീയ മുസ്ലിമെന്ന പ്രയോഗം ഞാൻ ബോധപൂർവം നടത്തിയതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പത്ത് വർഷം മുൻപ് ഞാൻ ഗുജറാത്തിനെ പ്രശംസിച്ച് സംസാരിച്ചപ്പോൾ എല്ലാവരും എന്നെ പരിഹസിച്ചു. എന്നാൽ സ്വന്തം നാട്ടിൽ ഒരു സംരംഭം ആരംഭിച്ചതിന്റെ പേരിൽ ഒരു വ്യവസായിക്കും ആത്മഹത്യ ചെയ്യേണ്ട അവസ്ഥ അവിടെയൊന്നും ഉണ്ടായിട്ടില്ല- അബ്ദുള്ളക്കുട്ടി പറഞ്ഞു.