കണ്ണൂർ: ക്രമസമാധാനപാലന രംഗത്ത് പൊലീസിന്റെ പഴഞ്ചൻരീതിക്ക് മാറ്റം വേണമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലഹളകളും ആക്രമണങ്ങളും പൊട്ടിപുറപ്പെട്ടതിനു ശേഷം അടിച്ചമർത്തുക എന്നതായിരുന്നു പഴഞ്ചൻ രീതി. എന്നാൽ അതിൽ നിന്ന് മാറ്റം വരുത്തി കുഴപ്പങ്ങൾ വരാൻ സാധ്യതയുള്ളതിന്റെ കാരണവും സാധ്യതകളും മുൻകൂട്ടി കണ്ടെത്തി തുടക്കത്തിൽ തന്നെ തടയാൻ കഴിഞ്ഞാൽ ജനങ്ങൾക്കിടയിൽ പൊലീസിന്റെ പ്രശസ്തി വർദ്ധിക്കും. പൊതുജനങ്ങളുടെ പ്രശ്നത്തിൽ സൂക്ഷ്മമായി ഇടപെടാൻ കഴിയുന്നിടത്താണ് പൊലീസിന്റെ വിജയം. അതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ലഹരിയുടെ ഉപയോഗമാണ് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നത്.

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനകൾ തടയാൻ പൊലീസ് ഉണർന്നുപ്രവർത്തിച്ചാൽ പിന്നെ സമൂഹത്തിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കും. സ്കൂളിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പും സഹായകരമായതെല്ലാം ചെയ്യും - അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഉത്പാദനം വർധിച്ചുവെന്ന് പറയുമ്പോഴും നാട്ടിൽ ദാരിദ്ര്യം കൂടുകയാണ്. അതിനുകാരണം സമ്പദ് വ്യവസ്ഥ ഒരു വിഭാഗത്തിന്റെ കൈകളിൽ മാത്രമൊതുങ്ങുന്നതു കൊണ്ടാണ്. ഇതിനു മാറ്റമുണ്ടാകണം. ഇതിനാണ് ബദൽ സാമ്പത്തിക നയം വേണമെന്നു പറയുന്നത്. സമ്പത്തുകൾ നീതി പൂ‌ർവ്വമായി വിതരണം ചെയ്യുമ്പോൾ നാട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.ഐ.ജി കെ. സേതുരാമൻ, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, ഡിവെെ.എസ്.പി പി.പി.സദാനന്ദൻ എന്നിവർ സംബന്ധിച്ചു.