ചിറ്റാരിക്കൽ: കുടുംബ കലഹത്തിനിടെ മകൻ പിതാവിനെ മരവടി കൊണ്ടടിച്ച് കൊലപ്പെടുത്തി. ചിറ്റാരിക്കൽ അതിരുമാവിലാണ് സംഭവം. പുതിയകൂട്ടത്തിൽ പുത്തരിയന്റെ മകൻ ദാമോദരനാണ് (62) കൊല്ലപ്പെട്ടത്. മകൻ അനീഷിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിരുമാവിലെ കോളനിയിലാണ് ഇവർ താമസം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ മദ്യപിച്ചെത്തിയ ദാമോദരനും അനീഷും കുടുംബ പ്രശ്‌നത്തിന്റെ പേരിൽ വഴക്കിടുകയായിരുന്നു. ഇതിനിടയിൽ അനീഷ് മരവടി കൊണ്ട് പിതാവിന്റെ തലയ്ക്കടിച്ചു. അടിയേറ്റുവീണ ദാമോദരനെ ശനിയാഴ്ച രാവിലെ വിളിച്ചുണർത്താൻ നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവരുടേത് സ്ഥിരമായ വഴക്കായതിനാൽ മാറി നിൽക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരൻ, ചിറ്റാരിക്കൽ എസ്.ഐ. കെ.പി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. . ഭാര്യ: രാധാമണി. മറ്റുമക്കൾ: സനീഷ്, സുമേഷ്, ദിവ്യ, സുനിൽ. മരുമകൾ: സജിത.