കാഞ്ഞങ്ങാട്: സ്വന്തമായി വീടൊരുക്കി താമസിക്കാനാഗ്രഹിക്കുന്ന നിരവധി കുടുംബങ്ങൾക്ക് സർക്കാരിന്റെ ഡാറ്റാബാങ്ക് കുരുക്കാകുന്നു. കാഞ്ഞങ്ങാട് വില്ലേജിലെ അലാമിപ്പള്ളി മുതലുള്ള സംസ്ഥാന പാതയ്ക്കും കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയ്ക്കും പടിഞ്ഞാറു ഭാഗത്തുള്ള നിരവധി കുടുംബങ്ങൾക്കാണ് സർക്കാർ ഡാറ്റാബാങ്ക് ദുരിതമായി മാറിയത്.
വർഷങ്ങൾക്കു മുമ്പുതന്നെ പറമ്പുകളായും പുരയിടങ്ങളുമായും മാറിയ ഈപ്രദേശം ഇപ്പോൾ സർക്കാർ കണക്കിൽ വയലുകളും തണ്ണീർതടങ്ങളും എന്ന നിർവചനത്തിൽ വരുന്ന ഡാറ്റാ ബാങ്കിലാണ്. ഈപ്രദേശത്ത് പുതുതായി വീടു വയ്ക്കുന്നവരും വീട് പുനർനിർമാണം നടത്തുന്നവരുമാണ് ഇതിന്റെ ദുരിതം പേറുന്നത്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവർ കുടുംബങ്ങളായി ഭാഗം പിരിയുമ്പോഴും വീട് കെട്ടുന്നതിനു ഡാറ്റാബാങ്ക് വിലങ്ങുതടിയാകുകയാണ്.

നഗരസഭയിലേക്ക് വീടുനിർമാണത്തിനായി നൽകുന്ന അപേക്ഷകൾ സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെടുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ നിരസിക്കുകയാണ്. എന്നാൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഇവിടെയുള്ള ഭൂമി കൈമാറ്റ സമയത്ത് സർക്കാർ പറമ്പുകളായി തന്നെയാണ് കണക്കാക്കുന്നത്. പറമ്പുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്കിലുള്ള റജിസ്ട്രേഷൻ ഫീസും ഭൂവുടമകൾ നൽകേണ്ടി വരുന്നു.

രണ്ടുവർഷമായുള്ള കാത്തിരിപ്പ്

ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കിക്കിട്ടുന്നതിനായി 2017-ൽ പ്രദേശത്തെ ആയിരത്തിലധികം ഭൂവുടമകൾ റവന്യുവകുപ്പിലേക്ക് ആർ.ഡി.ഒ. മുഖേന പരാതി നൽകിയിരുന്നു. റവന്യുവകുപ്പ് കൃഷിഓഫീസിലേക്ക് അന്വേഷണത്തിനും തീരുമാനത്തിനുമായി കൈമാറിയ അപേക്ഷയിൽ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നഗരസഭ ചെയർമാൻ ചെയർമാനും കൃഷിഓഫീസർ കൺവീനറും വില്ലേജ് ഓഫീസർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരും അടങ്ങിയ കമ്മിറ്റിയാണ് ഡാറ്റാബാങ്ക് അപേക്ഷയിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.


സാധാരണക്കാരുടെ വീടു നിർമാണത്തെ ബാധിക്കുന്ന ഡാറ്റാബാങ്ക് പ്രശ്നത്തിൽ ഉദ്യോഗസ്ഥതലത്തിൽ എടുക്കേണ്ട തീരുമാനങ്ങളിൽ എത്രയും പെട്ടെന്ന് തീർപ്പുകൽപ്പിക്കണം. നാട്ടുകാരനായ റവന്യുമന്ത്രി ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണം.

എൽ.ജെ.ഡി.സംസ്ഥാന കമ്മറ്റിയംഗം എം.കുഞ്ഞമ്പാടി

രണ്ടുമാസത്തിനുള്ളിൽ നഗരസഭയിലെ ഡാറ്റബാങ്ക് അപേക്ഷകളിൽ തീരുമാനം ഉണ്ടാകും. നിലവിൽ ലഭിച്ച 7,120 അപേക്ഷകളിലും പരിശോധനകൾ പൂർത്തീകരിച്ചു.

കൃഷിഭവൻ ഉദ്യോഗസ്ഥർ