ന്യൂ മാഹി: പതിറ്റാണ്ടുകളോളം തലശ്ശേരി നഗരസഭയുടെ ട്രഞ്ചിങ്ങ് ഗ്രൗണ്ടായിരുന്ന പുന്നോൽ കാച്ചിയിൽ കടലോര പ്രദേശം വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. അർദ്ധരാത്രിക്ക് ശേഷം കോഴി മാലിന്യങ്ങളും അറവ് മാലിന്യങ്ങളും വിവാഹ വീടുകളിലെ അവശിഷ്ടങ്ങളും ഇവിടെ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുകയാണ്.

ഏതാനും വർഷം മുമ്പ് വരെ മൂക്ക് പൊത്താതെ വഴിയാത്ര പോയിട്ട് ബസ് യാത്ര പോലും അസാദ്ധ്യമായിരുന്ന ഈ പ്രദേശത്തെ ദീർഘകാലം നീണ്ടു നിന്ന പ്രക്ഷോഭങ്ങളെത്തുടർന്നാണ് നാട്ടുകാർ മാലിന്യവിമുക്തമാക്കിയത്.ഇതോടെ പ്രദേശത്തിന്റെ മുഖം തന്നെ മാറ്റുകയും ദേശീയപാതയിലെ ഏറ്റവും മനോഹരമായ പ്രദേശമായി മാറുകയും ചെയ്തിരുന്നു. നഴ്‌സറികളും വായനശാലയും വിവിധ വ്യാപാര സ്ഥാപനങ്ങളുമെല്ലാം ഉയർന്നു വന്നിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് വിദൂരങ്ങളിൽ നിന്നുള്ള ചിലർ വാഹനങ്ങളിൽ മാലിന്യം കൊണ്ട് വന്ന് ഇവിടെ തള്ളുന്നത്. പ്രദേശത്തുകാരിൽ ഇത് വലിയ പ്രതിഷേധത്തിന്നിടയാക്കിയിട്ടുണ്ട്.

ചിത്രം: ദേശീയപാതയോരത്ത് കുറിച്ചിയിൽ തോടിൽ മാലിന്യം തള്ളപ്പെട്ട നിലയിൽ