കാഞ്ഞങ്ങാട് ഡിപ്പോയിൽ കട്ടപ്പുറത്തുള്ള ബസുകൾ 12
ബസ് സർവീസ് നിർത്തിയിട്ട് രണ്ടുമാസത്തിലേറെ
ദുരിതമേറെ മലയോരത്തെ തീവണ്ടിയാത്രക്കാർക്ക്
എം.എൽ.എയ്ക്കടക്കം പരാതിനൽകിയിട്ടും ഫലമില്ല
നീലേശ്വരം: കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തായതിനാൽ യാത്രക്കാർ ദുരിതത്തിൽ.
കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് നീലേശ്വരം വഴി ചിറ്റാരിക്കലിലേക്ക് സർവീസ് നടത്തിയിരുന്ന ബസാണ് കഴിഞ്ഞ രണ്ടു മാസമായി നിർത്തിയത്. രാവിലെ 6.20ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ബസ് രണ്ടു തവണ നർക്കിലക്കാട് വഴിയും രണ്ടു തവണ കുന്നുംകൈ വഴിയുമാണ് ചിറ്റാരിക്കലിലേക്ക് സർവീസ് നടത്തിയിരുന്നത്. ഈ ബസ് മലയോര മേഖലയായ പാലാവയൽ, തയ്യേനി, മണ്ഡപം, കാറ്റാംകവല, ചിറ്റാരിക്കൽ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കും മറ്റുള്ള യാത്രക്കാർക്കും ഏറെ അനുഗ്രഹമായിരുന്നു.
വൈകുന്നേരം 6.10 ന് ചിറ്റാരിക്കാലിൽ നിന്ന് മണ്ഡപം വഴി വരുന്ന ഈ ബസ് നിർത്തിയതോടെ തെക്കൻ ജില്ലകളിലേക്ക് പോകുന്ന തീവണ്ടി യാത്രക്കാർക്ക് നീലേശ്വരത്തേക്ക് എത്തിപ്പെടാൻ വഴിയില്ലാതായി. ഇപ്പോൾ ചിറ്റാരിക്കലിൽ നിന്ന് വെള്ളരിക്കുണ്ടിലേക്ക് പോകുന്ന ബസിൽ കയറി കുന്നുംകൈയിൽ ഇറങ്ങി വൻതുക നൽകി ഓട്ടോ പിടിച്ചാണ് മിക്കവരും നീലേശ്വരത്ത് എത്തുന്നത്.
ബസ് സർവീസ് നിർത്തിയതിനെ തുടർന്ന് യാത്രക്കാർ സ്ഥലം എം.എൽ.എക്കും കെ.എസ്.ആർ.ടി.സി അധികൃതർക്കും പരാതി നൽകിയെങ്കിലും അനുകൂലമായ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല.
കലക്ഷൻ കുറവെന്ന് അധികൃതർ
ബസ് സർവീസ് നിർത്താൻ കാരണമായി കാഞ്ഞങ്ങാട് ഡിപ്പോ അധികൃതർ പറയുന്നത് ബസിൽ മുമ്പെത്തെ അപേക്ഷിച്ച് കലക്ഷൻ കുറവാണെന്നാണ്. കുറഞ്ഞ കലക്ഷൻ പൂളിൽ വരുന്ന ബസുകൾ നിർത്തിവയ്ക്കാൻ അധികൃതർ ഉത്തരവ് നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിപ്പോവിലുള്ള 12 ഓളം ബസുകൾ കട്ടപ്പുറത്താണ്. ഡിപ്പോവിലുള്ള ബസുകളെല്ലാം പഴഞ്ചനാണ്. ഇപ്പോൾ സർവീസ് നിർത്തിയ ബസ് സമയം മാറ്റി സർവീസ് നടത്താൻ ആലോചിക്കുന്നുണ്ട്.