എടക്കാട്: മുഴപ്പിലങ്ങാട് ബീച്ചിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്. ചിൽഡ്രൻസ് പാർക്കിനും ഡ്രൈവ് ഇൻ ബീച്ചിനുമായി തങ്ങളെ വഴിയാധാരമാക്കിയ അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. 27 വർഷമായി അധികൃതർ തങ്ങളെ ഉപദ്രവിക്കുന്നെന്ന് ആരോപിച്ചാണ് എടക്കാട് മേഖലയിലെ പരമ്പരാഗത കടൽ തൊഴിലാളികൾ രംഗത്തെത്തിയത്.
ഡി.ടി.പി.സിയുടെ അധീനതയിലുളള പാർക്ക് സ്ഥലത്ത് മത്സ്യബന്ധന ഉപകരണങ്ങൾ കയറ്റിവെച്ചാണ് പ്രതിഷേധം. നാഷണൽ അഡ്വഞ്ചർ അക്കാഡമി ഓഫീസും ടൂറിസം ഫെസിലിറ്റേഷൻ സെന്ററുമാണ് ഇവിടെയുള്ളത്. ഇതുവരെ ഉപയോഗിച്ചിരുന്ന അഴിമുഖത്ത് മണ്ണ് കയറിയും പാറകളും കാരണം ഫൈബർ ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത് മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കാൻ ഇടയാക്കുന്നതായും പരിഹാരം കാണും വരെ ഈ സ്ഥലത്ത് നിന്ന് മാറ്റില്ലെന്നുമാണ് ഇവരുടെ നിലപാട്.
27 വർഷം മുൻപാണ് തോണിയും വലയും സൂക്ഷിച്ചിരുന്ന സ്ഥലം ചിൽഡ്രൻസ് പാർക്കിനായി റവന്യൂ അധികൃതരോട് പഞ്ചായത്ത് വിലക്ക് വാങ്ങിയത്. മത്സ്യ തൊഴിലാളികളെ കടൽഭിത്തിയോട് ചേർന്ന ബീച്ച് എൻട്രൻസിനടുത്തേക്ക് മാറ്റി. പിന്നീട് 1998ൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോക നിലവാരത്തിലേക്ക് മാറിയതോടെ ചവിട്ടുന്നത് മത്സ്യത്തൊഴിലാളികളുടെ നെഞ്ചിലാണ്.
അഴിമുഖം അധികാരികളുമായി ആലോചിച്ച് സൗകര്യം ചെയ്തു തരുമെന്നു ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. 8 മാസം മുൻപ് മുഴപ്പിലങ്ങാട് ബീച്ചിൽ ഡി.ടി.പി.സി സംഘടിപ്പിച്ച മാരത്തോൺ ബഹിഷ്‌കരിക്കാൻ തൊഴിലാളികൾ തയ്യാറെടുത്തതോടെ ഡി.ടി.പി.സി സെക്രട്ടറി ഇടപെട്ട് ബീച്ച് എൻട്രൻസ് മുതൽ 500 മീറ്റർ വടക്കെ അറ്റംവരെ മത്സ്യമേഖലയായി പ്രഖ്യാപിക്കുമെന്നും ഉറപ്പ് നൽകി. ഈ മേഖലയിൽ വാഹനങ്ങൾ പോകാത്തവിധം സൗകര്യം ചെയ്തു തരാമെന്നും പറഞ്ഞെങ്കിലും നടപ്പായില്ലെന്ന് ഇവർ ആരോപിക്കുന്നു.
ഇവർക്കും പറയാനുണ്ട്
ബീച്ചിൽ ഉണ്ടാകുന്ന അപകടങ്ങളിൽ തങ്ങളാണ് ആദ്യം രക്ഷക്കെത്തുന്നതെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. ലൈഫ് ഗാർഡ് എണ്ണത്തിൽ കുറവാണ്. 4 മാസം മുൻപ് മൈസൂർ സ്വദേശി കടലിൽ മുങ്ങിമരിച്ചിരുന്നു. ഫൈബർ ബോട്ടുകൾ അഴിമുഖത്തായിരുന്നതും വെള്ളം കുറവായതും കാരണം രക്ഷിക്കാനായില്ലെന്ന് ഇവർ പറയുന്നു. പ്രളയത്തിൽ തൃശൂരിലെ രക്ഷാപ്രവർത്തനത്തിന് ഇരുപതോളം തൊഴിലാളികൾ പോയിരുന്നു. എന്നിട്ടും അവഗണന തുടരുന്നെന്നാണ് ഇവരുടെ പരിഭവം. മത്സ്യ ബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് ഷെഡും പുലിമുട്ടും സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇവിടെ 25 ഓളം ഫൈബർ ബോട്ടുകളും 50 ഓളം തൊഴിലാളികളുമുണ്ട്.