കണ്ണൂർ: ''രാജവംശമായ അറക്കൽ കുടുംബാംഗമൊന്നുമല്ല, പക്ഷെ, എന്റെ പേരിനൊപ്പവും ഉണ്ട് ആ പേര്. എ.കെ റഷീദ്. 'അറക്കൽ റഷീദ്'. പക്ഷെ, കഴിയുന്ന സ്ഥലം കണ്ടില്ലേ, ചെറ്റക്കുടിലിന്റെ മുറ്റം നിറയെ ചെളി നിറഞ്ഞു...''

സുനാമി കാലത്ത് വഴിയാധാരമായ മത്സ്യ തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ആയിക്കര ഉപ്പായിവളപ്പിലിൽ തീരദേശ വികസന കോർപ്പറേഷൻ നിർമ്മാണം തുടങ്ങിയ ഫ്ലാറ്റിന്റെ മതിലിനോട് ചേർന്നാണ് ഇദ്ദേഹത്തിന്റെയും കൂര. ഇതുപോലെയുള്ള 27 കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തിയാണ് ഫ്ലാറ്റ് നിർമ്മാണത്തിന് പട്ടാളത്തിന്റെ വിലക്ക് വന്നത്. അടിത്തറയ്ക്കായി കുഴിയെടുത്ത് ഒരു മാസം പിന്നിട്ടെങ്കിലും ഇതിനപ്പുറം ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്.

ഉപ്പായിവളപ്പിലിലെ 24 സെന്റ് സ്ഥലത്ത് 27 കുടുംബങ്ങൾക്കായി മൂന്ന് നിലകളിൽ ഫ്ലാറ്റ് നിർമ്മിക്കാനായിരുന്നു ആദ്യം ആലോചന. എന്നാൽ തീരദേശ നിയമം പ്രതികൂലമായതോടെ മൂന്ന് നില കെട്ടിടം എന്നത് രണ്ടുനിലയിലേക്ക് ചുരുക്കേണ്ടിവന്നു. ഇതോടെയാണ് ഗുണഭോക്തൃ കുടുംബം 18ലേക്ക് ചുരുങ്ങി. എന്നാൽ ഈ ഡിസൈനിനും പട്ടാളം തടയിട്ടു. ഫ്ലാറ്റിനായി അടിത്തറ സ്ഥാപിക്കാൻ കുഴിയെടുത്ത ശേഷം ഇവർ സ്റ്റോപ്പ് മെമ്മോ നൽകി. ഇവിടെ എന്തെങ്കിലും നിർമ്മാണം നടത്തണമെങ്കിൽ തങ്ങളുടെ അനുമതി വാങ്ങണമെന്നാണ് പട്ടാളത്തിന്റെ വാദം. പാവപ്പെട്ടവരെ പെരുവഴിയിലാക്കരുതെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം സമീപിച്ചെങ്കിലും നിയമം മാറിയെന്നും ഉന്നത തലത്തിൽ നിന്നും നിർദ്ദേശം വരാതെ ഒന്നും ചെയ്യാനില്ലെന്നും മറുപടി ലഭിച്ചെന്നാണ് പറയുന്നത്.

തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. 1.60 കോടിയുടെ പദ്ധതി 12 ശതമാനം കുറഞ്ഞ തുകയ്ക്ക് ക്വാട്ട് ചെയ്ത കാസർകോട് സ്വദേശിയ്ക്ക് കരാർ നൽകിയതായി കൗൺസിലർ സി. സമീർ പറഞ്ഞു. മൂന്ന് വർഷമായി തറക്കല്ലിട്ട പദ്ധതിയ്ക്ക് തടസമായിരുന്ന തുറമുഖ വകുപ്പ്, ആർക്കിയോളജി എന്നിവയുടെ അനുമതിയായിരുന്നു ഇതിന് മുൻപ് കഷ്ടപ്പെടുത്തിയത്. എല്ലാം നേരെയാക്കിയപ്പോഴാണ് ഈ ദുരവസ്ഥ. ഈ വർഷം നവംബർ വരെ പട്ടാളത്തിന്റെ എൻ.ഒ.സി ഉണ്ടായിട്ടാണ് ഈ ക്രൂരതയെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. എന്നാൽ നിയമം മാറിയെന്നും ഇനി നിർമ്മാണം പറ്റില്ലെന്നാണ് അവരുടെ വാദം. മഴയ്ക്ക് മുൻപ് അടിത്തറ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമവും വെറുതേയായി. നൂറു മീറ്റർ ചുറ്റളവിലെ വീടുകൾ അറ്റകുറ്റപ്പണി ചെയ്യാൻ പോലും നാട്ടുകാർക്ക് അനുമതിയില്ലെന്നും പറയുന്നു.

മഴയത്ത് മുറ്റം നിറയെ ചെളി നിറഞ്ഞതോടെ പലരും ക്വാർട്ടേഴ്‌സിലേക്ക് പോയെങ്കിലും പണം പ്രശ്‌നമായതോടെയാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ തന്നെ റഷീദ് കഴിയുന്നത്. ഫ്ലാറ്റിന് വേണ്ടി ഫൗണ്ടേഷൻ കീറിയതോടെ സമീപത്തെ വീടും അപകടത്തിലായിട്ടുണ്ട്. ഒരു കാലത്ത് മൃഗങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് മണ്ണൊക്കെ വാരി വലിച്ചിട്ടതോടെ ദുർഗന്ധവും അലട്ടുന്നുണ്ട്. അസ്ഥി കഷണങ്ങളും ഇവിടെ കാണാനുണ്ട്. തെരുവ് വിളക്ക് അടക്കം തകരാറായിട്ടുണ്ട്. ഇവിടെ താമസിക്കുന്ന ഒരാളുടെ വിവാഹം 14 ന് പാപ്പിനിശേരിയിലെ ഒരു ക്വാർട്ടേഴ്‌സിലേക്കും മാറ്റി. തങ്ങളുടെ ദുരിതം എന്നാണ് തീരുകയെന്ന് റഷീദ് ചോദിക്കുന്നു.