മൗക്കോട് (കാസർകോട്): രാത്രി കാടിറങ്ങി റോഡിൽ കയറിയ കാട്ടുപന്നി ആട്ടോറിക്ഷ കുത്തിമറിച്ചിട്ട് എട്ടുവയസുകാരനെ തേറ്റ കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. പെരുമ്പട്ടയ്ക്ക് സമീപം മൗക്കോട് ഓട്ടപദവിലെ ഇസ്മായിൽ - നൂർജഹാൻ ദമ്പതികളുടെ മകനും മൗക്കോട് ജി.എൽ.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ പി. സഹദിനെയാണ് (8) കാട്ടുപന്നി കുത്തിവീഴ്ത്തിയത്. കുത്തേറ്റ സഹദിനെ ഗുരുതര പരിക്കുകളോടെ ചെറുവത്തൂർ കെ.എച്ച്.എ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹദിന്റെ ശരീരത്തിൽ 65 ഓളം തുന്നിക്കെട്ടുകൾ വേണ്ടിവന്നതായി ചെറുവത്തൂർ കെ.എ.എച്ച്.എം ആശുപത്രിയിലെ ഡോ. ടി.കെ. മുഹമ്മദലി പറഞ്ഞു. കണ്ണിനും ചെവിക്കും മധ്യത്തിൽ മാംസം മുറിച്ചുവെച്ചാണ് തുന്നിക്കെട്ടിയത്. മൂക്കിന്റെ ഉള്ളിൽ പൊട്ടലുണ്ടായി. വായയുടെ ഭാഗത്ത് പറിഞ്ഞു തൂങ്ങിയ നിലയിൽ ആയിരുന്നു. മുകൾഭാഗത്തെ മുൻ നിര പല്ലുകളും കൊഴിഞ്ഞുപോയി.
ശനിയാഴ്ച രാത്രി പത്തുമണിയോടെ മൗക്കോടിനടുത്ത പൂവത്താങ്കല്ലിൽ വെച്ചാണ് സംഭവം. സഹദിന്റെ ഉമ്മ നൂർജഹാന്റെ ജ്യേഷ്ഠത്തി ഫൗസിയയുടെ മകളുടെ വിവാഹ ചടങ്ങിൽ സംബന്ധിച്ച ശേഷം കുന്നുംകൈ പാലാകുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് ഇവർ സഞ്ചരിച്ച ആട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കുന്നിൻ ചെരുവിലെ കാട്ടിനുള്ളിൽ നിന്നും റോഡിലേക്ക് കയറിയ കാട്ടുപന്നി ഓട്ടോറിക്ഷ കുത്തിമറിക്കുകയായിരുന്നു. ആക്രമണത്തിൽ പാതിമയക്കിത്തിൽ താഴേക്ക് തെറിച്ചുവീണ സഹദിനെ കാട്ടുപന്നി തേറ്റ കൊണ്ട് കുത്തി. ഇസ്മായിൽ ആണ് ആട്ടോറിക്ഷ ഓടിച്ചിരുന്നത്. വണ്ടി മുഴുവൻ പന്നി തകർത്തു. പിന്നീട് ഇരുളിൽ ഓടിമറഞ്ഞു. ആട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഹദിന്റെ ഉമ്മ നൂർജഹാൻ, മറ്റുമക്കളായ ഫഹ്മിദ, സഹ്‌ദിയ എന്നിവർ ആണ് വണ്ടിയിൽ ഉണ്ടായിരുന്ന മറ്രുള്ളവർ. തൊട്ടടുത്ത കമ്പല്ലൂർ ഫോറസ്റ്റിൽ നിന്നാണ് പന്നികൾ നാട്ടിൽ ഇറങ്ങുന്നത്.