കണ്ണൂർ: കെ.എസ്.ആർ.ടി.സിയിൽ സംസ്ഥാന വ്യാപകമായി 2108 എം പാനൽ ഡ്രൈവർമാർ പുറത്തായതോടെ ഉത്തര മലബാറിലും പ്രതിസന്ധി രൂക്ഷം. ഉത്തര മേഖലയിൽ 371 പേർ മാത്രമാണ് പുറത്തായതെങ്കിലും കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് ഡിപ്പോകളെയാണ് ഗുരുതരമായി ബാധിക്കുക. 27 ഡ്രൈവർമാർ ഒറ്റയടിക്ക് പോകുന്നതോടെ ഓർഡിനറി സർവീസുകൾക്ക് കത്തി വെക്കാനാണ് തീരുമാനം.
ദീർഘ ദൂര റൂട്ടുകൾ മുടങ്ങുന്നത് കനത്ത വരുമാന നഷ്ടം ഉണ്ടാക്കുന്നതും ഇന്റർ സ്റ്റേറ്റ് പെർമിറ്റ് റൂട്ടുകളിൽ സ്വകാര്യ ബസ് പണിമുടക്കും കാരണം സ്ഥിരം ജീവനക്കാരെ നിയോഗിച്ച് അഞ്ച് ബംഗളൂരു, ഒരു തിരുവനന്തപുരം ബസുകൾ അധികമായി അയച്ചിട്ടുണ്ട്. ഇന്ധന ചെലവ് കൂടിയതും വരുമാനം കുറഞ്ഞതുമായ കെ.യു.ആർ.ടി.സിയുടെ ജന്റം ലോ ഫ്ലോറാണ് ആദ്യം റദ്ദാക്കുക. ഇതിന് ഒരു ലിറ്ററിന് 3.7 കിലോ മീറ്റർ മാത്രമേ മൈലേജ് ലഭിക്കു. ഇതര ബസുകൾക്ക് 5.45 കിലോ മീറ്രർ വരെ മൈലേജ് ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ 14 ഡ്രൈവർമാർക്ക് കണ്ണൂരിൽ ഡിപ്പോയിൽ മാത്രം അവാർഡുകൾ നൽകാറുണ്ട്. ഇത്തരത്തിലുള്ള സർവീസുകൾക്കാകും വരും ദിനത്തിൽ മുടങ്ങാതെ നോക്കുന്നത്.
തലശേരിയിൽ അഞ്ച് പേരുടെ മാത്രം കുറവുണ്ടാകുന്നതിനാൽ പ്രശ്നം ബാധിക്കില്ല. പയ്യന്നൂരിൽ ഇന്നലെ തന്നെ നാല് ടി.ടി സർവീസ് മുടങ്ങി. പഴയങ്ങാടി വഴിയുള്ള 5 ചെയിൻ സർവീസും നാല് ഹാൾട്ട് സർവീസും അടക്കം 20 കാൻസലേഷനാണ് വന്നത്. ഇന്നത്തോടെ സ്ഥിതി ഗുരുതരമാകും. പരമാവധി അവധികൾ റദ്ദാക്കി അതിജീവിക്കാനാണ് ശ്രമം നടക്കുന്നത്. കാസർകോട് ഡിപ്പോയിൽ 40 പേരുടെ കുറവ് ഉണ്ടെങ്കിലും പ്രശ്നമില്ലെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. സ്വകാര്യ സമരം നടക്കുമ്പോഴും അധിക സർവീസൊന്നും തുടങ്ങേണ്ടി വന്നിട്ടില്ല. 180 ഓളം സ്ഥിരം ഡ്രൈവർമാർ ഉണ്ടെന്നും ഇവർ പറയുന്നു. കാഞ്ഞങ്ങാട് ഡിപ്പോയാകട്ടെ 28 പേർ ഒറ്റയടിക്ക് പോകുന്നതിന്റെ ആശങ്കയിലാണ്. സാധാരണ ഓവർ ടൈം ഡ്യൂട്ടികളും ലോംഗ് സർവീസുകളും എം പാനലുകാരെ ആശ്രയിച്ചായിരുന്നു. അതേസമയം ബംഗളൂരുവിലേക്ക് അധികമായി ഓടുന്ന രണ്ട് സൂപ്പർ ഡീലക്സും ഒരു സൂപ്പർ ഫാസ്റ്റും മുടക്കില്ലെന്ന് ഇവർ പറയുന്നു. എന്തായാലും ഇന്ന് രാവിലെ 10 മണിയോടെ മാത്രമേ അവസാന ചിത്രം ലഭിക്കുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.