കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം ഇതാദ്യമായി എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് സംസ്ഥാന സമിതി യോഗ റിപ്പോർട്ട് വായിച്ചു പിരിഞ്ഞു. തിരഞ്ഞെടുപ്പു തോൽവിയെ കുറിച്ച് ഒന്നും പറയാതെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് നേരിടാൻ തീരുമാനിക്കുകയായിരുന്നു യോഗം.
സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരനും സി.പി.ഐ. നേതാവ് കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരനും യോഗത്തിൽ പങ്കെടുത്തു. കേരളത്തിലെ മറ്റിടങ്ങളിലെ തോൽവിയോട് കാസർകോട്ടെ പരാജയത്തെ കാണാനാവില്ലെന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെയും പോഷകസംഘടനകളുടെയും അതതു കമ്മിറ്റികൾ വിലയിരുത്തുകയും അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്തിരുന്നു. കല്യോട്ടെ ഇരട്ടക്കൊലപാതകം ഉൾപ്പടെയുള്ള കാര്യങ്ങളും ശബരിമല വിഷയങ്ങളും തോൽവിയുടെ കാരണമായെന്ന് ഒന്നിലേറെ പാർട്ടികളുടെ കീഴ്ഘടകങ്ങളിൽ ചർച്ചയായിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി. മന്ദിരത്തിലായിരുന്നു യോഗം നടന്നത്.
അസുഖമായതിനാൽ എൽ.ഡി.എഫ്. ജില്ലാ കൺവീനറും ലോക്‌സഭ മണ്ഡലം സ്ഥാനാർഥിയുമായ കെ.പി.സതീഷ്ചന്ദ്രൻ പങ്കെടുത്തിരുന്നില്ല. മതേതര വോട്ടുകൾ ഇടതുപക്ഷപ്രസ്ഥാനത്തിൽനിന്ന് അകന്നുപോയെന്നും കേന്ദ്രസർക്കാരിനെതിരേയുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടം യു.ഡി.എഫിന് ഗുണംചെയ്തുവെന്നുമുള്ള സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് വായിക്കുകമാത്രമാണ് യോഗത്തിൽ ഉണ്ടായത്.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കണമെന്ന് നേതാക്കൾ പറഞ്ഞു. ജൂലായ് ഏഴിന് ഹൊസങ്കടിയിൽ എൽ.ഡി.എഫ്. മഞ്ചേശ്വരം മണ്ഡലംതല യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണൻ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ.ജോസ്, ഐ.എൻ.എൽ. നേതാവ് അഹമ്മദ് കുഞ്ഞി കളനാട്, ഇ.ഒ.കുഞ്ഞമ്പു, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.എം. മൈക്കിൾ, ജോർജുകുട്ടി തോമസ്, പി.പി.രാജു, എ.കുഞ്ഞിരാമൻ നായർ, അഡ്വ. സി.വി.ദാമോദരൻ എന്നിവരും സംബന്ധിച്ചു..