# ദിവസവും 200 ഓളം ട്രാഫിക്ക് നിയമലംഘനങ്ങൾ.

# ആദ്യത്തെ ആഴ്ച 1500 കേസുകൾ ഫയൽ ചെയ്തു.

# പൊതുജന ശ്രദ്ധയിൽപെട്ടാൽ വിളിക്കൂ - 1090

ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റ് വാട്സാപ്പ് നമ്പർ - 6238488686

കോഴിക്കോട്: ട്രാഫിക്ക് നിയമം കാറ്റിൽ പറത്തുന്നവർ കുടുങ്ങി തുടങ്ങി. നഗര പരിധിയിൽ വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് പദ്ധതിപ്രകാരം ദിവസവും പിടികൂടുന്നത് 200 ഓളം ട്രാഫിക്ക് നിയമലംഘനങ്ങൾ. സിറ്റി ട്രാഫിക്ക് പൊലീസിന്റെ കണക്ക് മാത്രമാണ് ഇത്. മറ്റ് ലോക്കൽ സ്റ്റേഷനുകളിൽ പിടിക്കുന്നത് ഇതിനുപുറമെ വരും. ഓരോ ലോക്കൽ സ്റ്റേഷനുകളിൽ പിടിക്കുന്നതിന്റെയും കണക്കുകൾ അതത് സ്റ്റേഷനുകളിൽ തന്നെയാണ് സൂക്ഷിക്കുന്നത്. സ്പെഷൽ ഡ്രൈവ് ആരംഭിച്ച് ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോൾ 1500 കേസുകളാണ് ഫയൽ ചെയ്തത്.

നഗരത്തിലെ ട്രാഫിക്ക് നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്ഥീകരിക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. അമിത വേഗത, ട്രിപ്പിൾ റൈഡിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, ഇടതുവശത്തു കൂടിയുള്ള ഓവർ ടേക്കിംഗ്, സീബ്രാ ലൈനിൽ കൂടി അശ്രദ്ധമായി വാഹനമോടിക്കൽ, ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനമോടിക്കൽ, ബസ് സ്റ്റോപ്പുകളിൽ നിർത്താതിരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുക. ഇത്തരം ട്രാഫിക്ക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വാഹനങ്ങൾ പിടിച്ചെടുത്ത് നടപടികൾ സ്വീകരിക്കും. കൂടാതെ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ പൊതുജന ശ്രദ്ധയിൽപെട്ടാൽ 1090 എന്ന നമ്പറിലോ ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റ് വാട്സാപ്പ് നമ്പറായ 6238488686 എന്ന നമ്പറിലോ അറിയിക്കാം.

ഓരോ ദിവസവും പ്രത്യേക സമയം നിശ്ചയിച്ച് നഗരത്തിലെ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുക്കും. നിയമലംഘനം കണ്ടുപിടിക്കാൻ മഫ്ടി പൊലീസിന്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും ഇതിനായി മഫ്ടി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസുമായി സഹകരിച്ച് ട്രാഫിക്ക് നിയമങ്ങൾ പാലിക്കണമെന്ന് സിറ്റി ട്രാഫിക്ക് ഇൻസ്പെക്ടർ കെ വിനോദ് കുമാർ പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്ജ് ഐ.പി.എസിന്റെ നിർദേശ പ്രകാരം ആരംഭിച്ചതാണ് സ്പെഷ്യൽ ഡ്രൈവ്.