നാദാപുരം:പലതാണ് പേര്. മുപ്ലി വണ്ട്. ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള്. ദേശവ്യത്യാസമനുസരിച്ച് പല പേരുകൾ. എന്നാൽ ദ്രോഹത്തിന് മാറ്റമില്ല. ഉറങ്ങിക്കിടക്കുന്ന കുട്ടികളുടെ ചെവിയിലും മറ്റും കയറിക്കൂടിയാൽ അതുമതി ബുദ്ധിമുട്ടാവാൻ. ദേഹത്തു തൊട്ടാൽ ചൊറി.

മലയോര മേഖലകളിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി മൂപ്ലിവണ്ടുകൾ ( ഓട്ടെരുമ )പെരുകുന്നു. റബർ തോട്ടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത് എങ്കിലും കേരളത്തിൽ എല്ലായിടത്തും ഈ വണ്ടിനെ കാണുവാൻ സാധിക്കും.
വേനൽമഴ പെയ്തതിനുശേഷമാണ് വണ്ടുകളുടെ ശല്യം കൂടി വരുന്നത് .ആളുകളെ നേരിട്ട് ആക്രമിക്കാറില്ലെങ്കിലും മുപ്ലി വണ്ടുകൾ വരുത്തുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കട്ടിലുകളിലും ചുവരുകളിലും ഇടം പിടിക്കുന്ന ഇവ കാരണം പലർക്കും ഉറക്കമില്ലാത്ത രാത്രികളാണിപ്പോൾ. വണ്ടുകളെ പേടിച്ച് മുൻവർഷങ്ങളിൽ വീടുകൾ ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവർ വരെയുണ്ട്. ഓടുകളിലും മറ്റും പറ്റിക്കൂടുന്ന ഇവ അടുക്കളയിൽ ഭക്ഷണ പാത്രത്തിലം മറ്റും വീണ് ഭക്ഷണം ഉപയോഗിക്കാൻ പറ്റാതാവുന്നു.

മുപ്ലി വണ്ടുകളെ റബർത്തോട്ടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത് എങ്കിലും ഇപ്പോൾ ഇലകൾ കിളിർക്കുന്ന മരങ്ങളിലും ഇവയെ കണ്ടു വരുന്നു. ഡിസംബർ അവസാനത്തോടെ റബറിന്റെ ഇലപൊഴിയും സമയത്താണ് തോട്ടങ്ങളിൽ വണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. റബർമരത്തിൽനിന്ന് പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ മുഖ്യ ആഹാരം. കൂടാതെ, റബറിന്റെ കരിയിലകൾ ഇവയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഏപ്രിലോടെ ലഭിക്കുന്ന മഴമൂലം വണ്ടുകൾ തോട്ടത്തിൽനിന്ന് വിട്ട് സമീപ പ്രദേശങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലുമായി കുടിയേറുന്നു.

രാത്രി ലൈറ്റ് വെട്ടത്തിൽ ഇവ കൂട്ടമായി എത്തും. മുമ്പ് വണ്ടുകളെ തുരത്താൻ പല മാർഗങ്ങളും ആളുകൾ പ്രയോഗിച്ചിരുന്നു. എന്നാൽ, കൂട്ടമായി ഇവ എത്താൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ജനം. കൊച്ചു കുട്ടികൾ ഉള്ളവരാണ് വണ്ടിന്റെ ശല്യം കൂടുതൽ അനുഭവിക്കുന്നത്. കിടക്കയിലും മറ്റും അറിയാതെപെട്ടു പോയാൽ ദേഹം തടിച്ചു വീർക്കും.ചൊറിയുകയും ചെയ്യും.

# മുപ്ലി വണ്ട് അഥവ കരിഞ്ചെള്ള്
കട്ടിയുള്ള പുറന്തോട്, രൂക്ഷ ഗന്ധവുമുള്ള സ്രവം എന്നിവയുള്ളതിനാൽ ഇതിനെ ഒരു ജീവികളും ആഹാരമാക്കുന്നില്ല. കൂടാതെ ഉയർന്ന പ്രത്യുൽപാദനശേഷി,കേരളത്തിലങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന റബ്ബർ തോട്ടങ്ങളിലെ കരിയിലപ്പടർപ്പും ഇഷ്ടഭക്ഷണത്തിന്റെ ലഭ്യതയും ഇവയുടെ നിയന്ത്രണം അസാധ്യമാക്കി. രാത്രിയേയും വേനലിനേയും ഇഷ്ടപ്പെടുന്ന മുപ്ലി വണ്ടുകൾക്ക് മഴയും തണുപ്പുമാണ്‌ അസഹനീമായിട്ടുള്ളത്. ഈ പ്രാണിയുടെ കടിയേറ്റാൽ ചൊറിച്ചിലും അസഹസ്യമായ വേദന ഉണ്ടാകുന്നു. ലുപ്രോപ്‌സ് ട്രിസ്റ്റിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ജീവിയെ കേരളത്തിൽ ആദ്യമായി തൃശൂർ ജില്ലയിലെ മുപ്ലി റബ്ബർ തോട്ടത്തിൽ കണ്ടതിനാലാണ് മുപ്ലി വണ്ട് എന്ന പേര് ഇതിന് വന്നത്.

# നശിപ്പിക്കാനുള്ള വഴി
ഒരു പരന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരു മെഴുകുതിരി കത്തിച്ച് വയ്ക്കുക, രാത്രി നേരം ഇതിനെ തൂത്തുവാരി തീയിട്ടുനശിപ്പിച്ചു കളയാം.പകൽ സമയങ്ങളിൽ കൂട്ടംകൂടി ഇരിക്കുന്ന ഇവയെ മണ്ണെണ്ണ തളിച്ചും നശിപ്പിക്കാം. മണ്ണെണ്ണയിൽ ഇവക്ക് 15 സെക്കന്റുകൾ മാത്രമാണ് ആയുസ്

# ഗസ്റ്റ് ഹൗസിൽ അതിഥിയായി ചെള്ളും.

നാദാപുരം സർക്കാർ ഗസ്റ്റ് ഹൗസിൽ ഈ പ്രാണിയുടെ ശല്യം കൂടിയതോടെ രാത്രി താമസിക്കുന്നവർക്ക് പ്രാണിയുടെ കടിയേറ്റു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തി. പ്രാണികളെ തുരത്താൻ വേണ്ട നടപടികൾ സ്വീകരിച്ചെങ്കിലും പൂർണ്ണമായും പോയിട്ടില്ല.