മുക്കം: റോഡിന്റെ നവീകരണ പ്രവൃത്തിയിൽ നിന്ന് ഒരു ഭാഗം ഒഴിവാക്കിയതായി ആക്ഷേപം. മുക്കംകടവ് പാലം -കുമാരനെല്ലൂർ, - കരമൂല - കപ്പാല റോഡ് നവീകരണ പ്രവൃത്തിയെക്കുറിച്ചാണ് ആക്ഷേപമുയർന്നത്. കോഴിക്കോടു ജില്ലാ പഞ്ചായത്താണ് 75 ലക്ഷം രൂപ ചെലവിട്ട് ഈ റോഡിന്റെ നവീകരണ ജോലി നടത്തുന്നത്. മുക്കം കടവു മുതൽ കാരമൂല വരെ ഒന്നര കിലോമീറ്റർ റോഡ് വീതി കൂട്ടി റീട്ടാറിങ് നടത്താനും കാരമൂലമുതൽ കപ്പാലവരെയുള്ള ബാക്കി വീതി കൂട്ടാനുമാണ് കരാർ നൽകിയത്. ഇതനുസരിച്ച് മുക്കം കടവ് മുതൽ കുമാരനെല്ലൂർ അങ്ങാടി വരെ 700 മീറ്ററോളം വീതി കൂട്ടി ടാർ ചെയ്തെതെങ്കിലും തുടർന്നുള്ള 800 മിറററോളം റോഡ് വിതി കൂട്ടിയെങ്കിലും ടാറിങ് നടത്താതെ ഉപേക്ഷിച്ചതാണ് പ്രശ്നമായത്. അന്വേഷിച്ചപ്പോൾ റോഡിന്റെ ഈ ഭാഗം പൊതുമരാമത്ത് വകുപ്പിന്റെതാണെന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ ഈ റോഡ് നവീകരിക്കാൻ കഴിഞ്ഞ വർഷവും ജില്ലാ പഞ്ചായത്ത് തുക അനുവദിക്കുകയും ജോലി ആരംഭിക്കുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ അനുവദിച്ച പണി ആരംഭിച്ചപ്പോൾ തന്നെ ക്രമക്കേട് ഉന്നയിച്ച് ആളുകൾ രംഗത്തെത്തിയതോടെ മുടങ്ങി. പിന്നീട് പണി പുനരാരംഭിച്ചപ്പോൾ മഴമൂലം വീണ്ടും മുടങ്ങി. മുക്കംകടവ്‌ പാലം - കുമാരനെല്ലൂർ - കാരമൂല- കപ്പാല റോഡ് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക്ക് യോജനയിൽ ഉൾപ്പെടുത്തിയാണ് നേരത്തേ പുനർനിർമാണം നടത്തിയത്.മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന റോഡ് ഉയർത്തി നിർമ്മിക്കുകയായിരുന്നു. മുക്കം കടവിൽ പാലം വന്നതോടെയാണ് ഈ റൂട്ടിൽ വാഹന ഗതാഗതം വർദ്ധിച്ചത്.എന്നാൽ ആവശ്യത്തിന് വീതിയില്ലാത്ത പ്രശ്നം നിലനിന്നു. ഇതു പരിഹരിക്കാനാണ് ഇപ്പോൾ പണി ആരംഭിച്ചത്.എന്നാൽ ഇടയ്ക്കുള്ള ഭാഗം നവീകരണ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കുന്നതുമൂലം വീണ്ടും റോഡിന്റെ ശോച്യാവസ്ഥ നിലനിൽക്കും. .