കുന്ദമംഗലം: കുന്ദമംഗലംഅങ്ങാടിയിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാൻ വിവിധ പദ്ധതികൾക്ക് ഗ്രാമ പഞ്ചായത്ത് മുന്നൊരുക്കങ്ങൾ നടത്തിവരികയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ പറ‌ഞ്ഞു. കുന്ദമംഗലത്തെ ഗതാഗത കുരുക്കിനെ കുറിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത കൊടുത്തിരുന്നു.

അങ്ങാടിയിലെ പാർക്കിംഗ് സംബന്ധിച്ചും ഗതാഗത ക്രമീകരണങ്ങളെ സംബന്ധിച്ചും വ്യക്തമായ രൂപരേഖകൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് സ്ക്കൂൾ തുറക്കുന്നതിന് മുമ്പ് നടപ്പിലാക്കും. അതിനായി ഒരു യോഗം ഉടനെ വിളിച്ചുചേർക്കുമെന്നും പ്രസിഡൻറ് പറ‌ഞ്ഞു. കുന്ദമംഗലത്ത് ബൈപാസ് നിർമ്മിക്കുന്നതിനെ സംബന്ധിച്ചും വാഹനക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്നും എം.കെ.രാഘവൻ എം.പി. കുന്ദമംഗലത്ത് വിപുലമായ യോഗം വിളിച്ചുചേർക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതായും പ്രസിഡൻറ് പറ‌ഞ്ഞു.

കുന്ദമംഗലം അങ്ങാടിയിൽ മേൽപ്പാലം നിർമ്മിക്കുവാനുള്ള ആലോചനകൾ നടന്നിരുന്നുവെന്നും എന്നാൽ റോഡിന് വേണ്ടത്ര വീതി ഇല്ലാത്തതിനാലും റോഡിന്റെ ഇരുഭാഗത്തുമുള്ള കച്ചവടസ്ഥാപനങ്ങൾ പൊളിച്ചുമാറ്റുന്നതിലുള്ള സാങ്കേതികതടസ്സങ്ങളുമാണ് പദ്ധതി ഉപേക്ഷിക്കുവാൻ കാരണമെന്നും പ്രസിഡൻറ് പറഞ്ഞു. അതേപോലെ ബസ് സ്റ്റാന്റിന് സമീപത്തെ എ.യു.പി.സ്ക്കൂളിന് മുമ്പിലുള്ള അണ്ടർപാസ് ഉപയോഗപ്രദമാക്കുവാൻ ദേശീയപാത അധികൃതരുമായി ചർച്ച നടത്തിയിരുന്നു. പ്രസ്തുത സ്ഥലത്ത് അണ്ടർപാസ് നിർമ്മിച്ചാൽ അങ്ങാടിയുടെ ഇരുവശത്തുനിന്നും വരുന്ന ഓഴുചാൽ തടസ്സപ്പെടും. മാത്രമല്ല മഴക്കാലത്തുണ്ടാകുന്ന ശക്തിയേറിയ വെള്ളത്തിന്റെ കുത്തിയൊഴുക്ക് കാരണം ആളുകൾക്ക് അത് വഴി ഇറങ്ങി നടക്കുവാൻ കഴിയില്ല.