വടകര: കുറേ ദിവസങ്ങളിലായി കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ ന്യൂസുകളിലും സിപിഎം പ്രവര്‍ത്തകനെ എസ്എഫ്‌ഐ നേതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയാണെന്നും ഈ കഥ മെനയാന്‍ ആവശ്യമായ സഹായങ്ങള്‍ വടകര പൊലിസ് ഒരുക്കിക്കൊടുക്കുകയാണെന്നും ഡിവൈഎഫ്‌ഐ മേമുണ്ട മേഖലാ കമ്മിറ്റി ആരോപിച്ചു. യഥാര്‍ഥ സംഭവത്തെ വളച്ചൊടിച്ച് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കെട്ടിപ്പടുക്കാനുള്ള വലതുപക്ഷ മാദ്ധ്യമങ്ങളുടെ നീക്കമാണ് ഇതിന് പിന്നില്‍. ഡിവൈഎഫ്‌ഐ മേമുണ്ട മേഖല കമ്മിറ്റി അംഗമായ അക്ഷയ് രാജിനെ കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുട്ടോത്ത് യൂണിറ്റ് സെക്രട്ടറിക്കും അംഗത്തിനും എതിരെയും കള്ളക്കേസ് എടുത്തിരിക്കുകയാണ്. കൂടാതെ ഈ സംഭവത്തിന് പിന്നില്‍ പാര്‍ട്ടി ക്വട്ടേഷന്‍ എന്ന് പറഞ്ഞ് കള്ളക്കഥകൂടി മെനയുകയാണ് പൊലിസെന്നും നേതൃത്വം ആരോപിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് കുട്ടോത്ത് പ്രദേശത്തെ കുടിവെളള പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പരിഹരിച്ചതാണ്. എന്നാല്‍ പിന്നീട് വടകരയിലെ പൊലിസ് ആവേശത്തോടെ ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് ഇവര്‍ക്കെതിരെ കള്ളക്കേസെടുത്ത് മുന്നോട്ട് പോവുകയാണുണ്ടായത്. ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെ പോലീസ് ക്വട്ടേഷന്‍ കഥ മെനയുകയും ചെയ്തു. ഇത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണ്. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കള്ളക്കേസ് എടുത്ത് ഏകപക്ഷീയമായി പോലീസ് മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്‌ഐ മേമുണ്ട മേഖല കമ്മറ്റി മുന്നറിയിപ്പു നല്‍കി. കൂടാതെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി അറിയിച്ചു.