@ കുടിശ്ശിക കിട്ടിയില്ലെങ്കിൽ സ്റ്റെന്റ് വിതരണം നിറുത്തുമെന്ന് വിതരണക്കാർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

മെഡിക്കൽ കോളേജ് (കോഴിക്കോട്): മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയക്കുള്ള സെന്റ് വിതരണം നിർത്തി വെക്കുമെന്ന അറിയിപ്പുമായി വിതരണക്കാർ രംഗത്ത്. കോടികൾ കുടിശ്ശികയായി അടക്കാനുള്ളതിനാലാണ് വിതരണക്കാരുടെ കൂട്ടായ്മ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകിയത്. ഈ മാസം പത്തിനകം കുടിശ്ശിക തിരിച്ചടച്ചില്ലെങ്കിൽ നൽകിയ സെന്റ് തിരിച്ചെടുക്കുമെന്നാണ് അറിയിപ്പ്. ഇതോടെ പാവപ്പെട്ട രോഗികളുടെ ഹൃദയശസ്ത്ര ക്രിയ മുടങ്ങും.

കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സ്റ്റെന്റ് നൽകിയതിൽ 30 കോടിയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ 16 കോടിയും കുടിശ്ശികയുണ്ട് ട്രൈബൽ ഫണ്ട് വഴി സ്റ്റെന്റ് നൽകിയതിൽ 2018 ജൂൺ മുതലുള്ള 30 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. കൂടാതെ ആർ. എസ്.ബി. വൈ പദ്ധതിയിലൂടെ വിതരണം ചെയ്ത വകയിൽ 16 കോടിയും നൽകാനുണ്ട്.

സംസ്ഥാനത്ത് സ്റ്റെന്റ് വിതരണ കമ്പനികൾക്ക് ഏറ്റവുമധികം കുടിശ്ശിക വരുത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജാണ്. വിതരണക്കാരുടെ സംഘടനയുടെ കൂട്ടായ്മയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂഷണേഴ്‌സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്‌സ് ആന്റ് സിസ്‌പോസിബിൾസ് ആണ് കോളേജിന് നോട്ടീസ് നൽകിയത് . കാര്യത്തിന്റെ ഗൗരവം ഡി.എം .ഇയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കോളേജിൽ ഹൃദയ ശസ്ത്രക്രിയക്കെത്തുന്നവർക്ക് ഇതൊരു തിരിച്ചടിയാകില്ലെന്നും കോളേജ് സൂപ്രണ്ട് സജിത്ത് കുമാർ അറിയിച്ചു.