കോഴിക്കോട്: ഭീതിയുടെ അന്തരീക്ഷമാണ് രാഷ്ട്രത്തെ ചൂഴ്ന്നു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ടൗൺഹാളിൽ എരഞ്ഞോളി മൂസ നഗറിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുക്തിചിന്തയും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായിരുന്നു രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം. ഇന്ന് യുക്തിയില്ല ചോദ്യങ്ങളില്ല വിശ്വാസത്തിൻറെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആചാരങ്ങളുടെ മറപിടിച്ച് അനാചാരങ്ങളും സമൂഹമനസ്സിൽ അടിച്ചേൽപ്പിക്കുകയാണ്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും പ്രസക്തമല്ല എന്നചിന്ത സമൂഹത്തിൽ അതിശക്തമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങൾ മതപരമായി കൂടുതൽ വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഐക്യത്തിനും സ്‌നേഹത്തിനും സ്ഥാനത്ത് വെറുപ്പും വിദ്വേഷവുമാണ് ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരോടി കൊണ്ടിരിക്കുന്നത്. വർഗീയധ്രുവീകരണം ശക്തിപ്രാപിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങൾ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ദുഷ്പ്രവൃത്തികൾ ചോദ്യം ചെയ്യുന്നവർ പോലും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്ന അസാധാരണ സാഹചര്യമാണ് രാജ്യത്ത് രൂപപ്പെടുന്നത്. രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ഗോഡ്‌സേ രാജ്യസ്‌നേഹിയായി പ്രകീർത്തിക്കപ്പെടുന്നു. ഗോഡ്‌സെ യെ ഇങ്ങനെ വിശേഷിപ്പിച്ച വ്യക്തി രാജ്യത്തെ നിയമനിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ജില്ലാ എക്‌സിക്യുട്ടീവ് അംഗം സി സി ആൻഡ്രൂസ് നന്ദിയും പറഞ്ഞു. കോഴിക്കോട്, കൊയിലാണ്ടി, താമരശേരി, വടകര താലൂക്കുകളിൽ നിന്നായി 472 ഗ്രന്ഥശാലാ പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു.