കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് അംഗീകാരം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ മികച്ച നഗരസഭയ്ക്കുള്ള പുരസ്കാരമാണ് കോഴിക്കോട് കോർപ്പറേഷൻ സ്വന്തമാക്കിയത്.

ശാസ്ത്രീയമായി മാലിന്യ സംസ്കരണം ഫലപ്രദമായി നടത്തിയ നഗരസഭയാണ് കോഴിക്കോട്. അഞ്ച് ലക്ഷത്തിന് മുകളിൽ ജനസംഘ്യയുള്ള നഗരസഭകളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ലോക പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമർപ്പിക്കും.

ജൈവ അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് നിരവധി പദ്ധതികളാണ് കോഴിക്കോട് കോർപ്പറേഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഇതിൽ പ്രധാന പദ്ധതിയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ പോൾട്രി വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്. ഫ്രഷ് കട്ട് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് നഗരപരിതിയിലെ 170 ചിക്കൻ സ്റ്റാളുകളിൽ നിന്നുള്ള എട്ട് ടണ്ണോളം അറവുമാലിന്യങ്ങൾ സംസ്കരിക്കുന്നത്. ഇവിടെ നിന്ന് മാലിന്യങ്ങൾ ആനിമൽ പ്രോട്ടീൻ പൗഡർ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

കോർപ്പറേഷൻ സ്വന്തമായി 24 യൂണിറ്റ് എയിറോബിക് കംബോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജൈവമാലിന്യങ്ങളാണ് ഇതിൽ സംസ്കരിക്കുന്നത്. ഇതോടെ വികേന്ദ്രീകരണ മാലിന്യ സംസ്കരണ പ്രവർത്തനത്തിലും കോഴിക്കോട് കോർപ്പറേഷൻ മുന്നിലാണ്. ഞെളിയൻ പറമ്പിലെ വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റിൽ 80 ടൺ മാലിന്യമാണ് സംസ്കരിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണ പദ്ധതികളായ പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയും നടപ്പാക്കി. ദ്രവ മാലിന്യ സംസ്കരണ സംവിധാനം ഉള്ല സ്ഥാപനങ്ങൾക്ക് മാത്രമേ കോർപ്പറേഷൻ പ്രവർത്തന ലൈസൻസ് അനുവദിക്കുന്നുള്ളൂ. പ്ലാസ്റ്റിക് കത്തിക്കുന്നതും ജലാശയങ്ങൾ മലിനമാക്കുന്നതും കർശനമായി നിരോധിക്കുകയും നടപടിസ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കോർപ്പറേഷൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകരമാണ് പുരസ്കാരമെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരുമെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.