# കഴിഞ്ഞ എട്ടുമാസങ്ങളായി റേഷൻ വിതരണം തൊട്ടടുത്ത മാസത്തെ ആദ്യ ദിനങ്ങളിൽ വിതരണം ചെയ്തിരുന്നു
കോഴിക്കോട്: മേയ് മാസത്തെ റേഷൻ വിതരണം ജൂൺ മാസത്തേക്ക് നീട്ടാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. കഴിഞ്ഞ എട്ടുമാസങ്ങളായി റേഷൻ വിതരണം തൊട്ടടുത്ത മാസത്തെ ആദ്യ ദിനങ്ങളിൽ വിതരണം ചെയ്തിരുന്നു. എന്നാൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ ആദ്യവാരത്തിലേക്ക് നീട്ടിയിട്ടില്ല. ചെറിയ പെരുന്നാളും സ്‌കൂൾ തുറക്കലും അടുത്തുവന്നിരിക്കെ റേഷൻ വിതരണം നീട്ടാത്തത് ഉപഭോക്താക്കൾക്ക് വലിയ ആഘാതമായിരിക്കുകയാണ്.
ചില റേഷൻ കടകളിൽ മേയ് മാസാവസാനം സാധനങ്ങൾ വാങ്ങാൻ എത്തിയവർക്ക് ഇ-പോസ് മെഷീനിലെ തകരാറുമൂലം സാധനങ്ങൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാസത്തെ അവസാന രണ്ട് ദിവസങ്ങളിൽ ഇ-പോസ് മെഷീൻ പ്രവർത്തനം പതുക്കെയായിരുന്നു. അതുകൊണ്ട് തന്നെ സാധനം വാങ്ങാൻ എത്തിയവരിൽ പലർക്കും വെറും കൈയ്യോടെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിന്നീട് അടുത്ത ദിവസം എത്തിയപ്പോൾ മേയ് മാസത്തെ റേഷൻ വിതരണം നിർത്തിയെന്ന വിവരമാണ് ലഭിച്ചത്. റേഷൻ വ്യാപാരികൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും ഒരു ദിവസത്തേക്കെങ്കിലും വിതരണം നീട്ടണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇപ്രകാരം നീട്ടിയാൽ അത് മൊത്തം കണക്കിനെ ബാധിക്കുമെന്ന മറുപടിയാണ് ലഭിച്ചത്.
മാസത്തിന്റെ തുടക്കത്തിൽ റേഷൻ കടകളിൽ എത്തിയാലും സാധനങ്ങൾ പൂർണമായി വാങ്ങാൻ കഴിയില്ല. മണ്ണെണ്ണയും പച്ചരിയും പഞ്ചസാരയുമടക്കം പല സാധനങ്ങളും എത്തിയിട്ടുണ്ടാവില്ല എന്നതാണ് കാരണം. അതുകൊണ്ട് തന്നെ മാസത്തിന്റെ അവസാനമാണ് പലരും റേഷൻ കടകളിൽ എത്തുന്നുന്നത്. ചിലയവസരങ്ങളിൽ നെറ്റില്ലാത്തതിനാലും ഇ-പോസ് മെഷീനിലെ തകരാറുമൂലവും സാധനം കിട്ടാറില്ലെന്നും ഉപഭോക്താവായ വസന്ത പറയുന്നു.
അതേസമയം സാധനങ്ങൾ കൃത്യസമയത്ത് എത്താത്തതാണ് പ്രശ്നത്തിന് കാരണമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. മേയ് മാസത്തിൽ സാധനങ്ങൾ എത്താൻ താമസമെടുത്തിരുന്നു. മട്ടയരി, പച്ചരി, പുഴുങ്ങലരി തുടങ്ങിയവയെത്താൻ വൈകി. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ യഥാക്രമം വാങ്ങിക്കാൻ സാധിച്ചില്ല. റേഷൻ സാധനങ്ങൾ ഓരോ മാസത്തിലും 20ാം തീയതിക്ക് മുൻപ് കൃത്യമായി എത്തിച്ചാൽ വിതരണം അടുത്ത മാസത്തേക്ക് നീട്ടേണ്ടതില്ലെന്നും വ്യാപാരികൾ പറയുന്നു.