കോഴിക്കോട്: മേപ്പയൂര്‍ പുലപ്രക്കുന്ന് സാംബവ കോളനിയില്‍ 10 കുടുംബങ്ങള്‍ക്ക് സർക്കാർ വീട് നിര്‍മ്മിച്ചു നല്‍കും. മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ പുലപ്രക്കുന്ന് സാംബവകോളനിയുടെ സമഗ്രവികസനം ചര്‍ച്ച ചെയ്യുന്നതിനായി കളക്ട്രേറ്റ് ചേമ്പറില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
റോഡ്, കുടിവെള്ളം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതികളുടെ പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും പ്രവൃത്തി വേഗത്തില്‍ നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച് പദ്ധതികള്‍ ആവിഷ്‌ക്കകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
നിര്‍മ്മാണം നടത്തുന്ന വീടിന്റെ പൂര്‍ണമായ അവകാശം പഞ്ചായത്തില്‍ നിക്ഷിപ്തമായിരിക്കും. പണവും വീടും സര്‍ക്കാറിന്റേതാണ്, വീട് ലഭിക്കുന്നവര്‍ അത് കൈമാറ്റം നടത്തരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോളനിവാസികളുടെ ഉന്നമനത്തിനായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. അത് അര്‍ഹത ഇല്ലാത്തവരുടെ കയ്യില്‍ എത്തുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ കോളനി നിവാസികള്‍ തന്നെ ശ്രദ്ധിക്കണം. കോളനിയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരികയാണ്. നിലവില്‍ കോളനിയില്‍ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും വേനലില്‍ ജലദൗര്‍ലബ്യം ഉണ്ടാകാറുണ്ട്. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കപ്പെടാതെ വേനലിലും കുടിവെള്ളം ഉറപ്പാക്കുന്ന തരത്തില്‍ പുതിയ കിണര്‍ ഉള്‍പ്പടെ നിര്‍മിക്കുന്ന കാര്യം ആലോചിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ-ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളുടെ സംയുക്തഫണ്ട് വിനിയോഗിച്ചാണ് പ്രവൃത്തികള്‍ നടത്തുക. റോഡ് വികസനത്തിനായി എം.പി ഫണ്ടും ഉപയോഗിക്കും.
മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പുലപ്രക്കുന്ന് സാംബവ കോളനിയില്‍ 11 കുടുംബങ്ങളാണ് ഉള്ളത്. 1974 ല്‍ പഞ്ചായത്ത് ഏറ്റെടുത്ത 74 സെന്റ് സ്ഥലത്താണ് കോളനി . യോഗത്തില്‍ ജില്ലാ കളക്ടര്‍ സീറാം സാമ്പശിവ റാവു, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന , വൈസ് പ്രസിഡന്റ് കെ.ടി രാജന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ ബി.പി അനി , എല്‍.ആര്‍ തഹസില്‍ദാര്‍ എം രേഖ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ്, പുലപ്രക്കുന്ന് കോളനി പ്രതിനിധി രജീഷ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.