കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഏറെക്കുറെ ഉറപ്പായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചു. വാർഡിന്റെ പുറംഭാഗവും അകവും വൃത്തിയാക്കുകയും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ്പ വൈറസ് ബാധ ഏറെക്കുറെ ഉറപ്പായതിനെത്തുടർന്നാണ് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ ഉത്തരവിട്ടത്.
കഴിഞ്ഞ വർഷം കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചപ്പോൾ ഒരുക്കിയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഒപി ബ്ലോക്കിന്റെ പിൻഭാഗം തന്നെയാണ് ഇത്തവണയും തയ്യാറാക്കിയിരിക്കുന്നത്. നിപ്പ ലക്ഷണങ്ങളോടെ വരുന്ന രോഗികളെ നേരിട്ട് ഇവിടേക്ക് ആബുലൻസിൽ കൊണ്ടുവരാൻ സൗകര്യമുണ്ട്. ഇവിടെ നിന്ന് ഒ.പി വഴി പേ വാർഡിലേക്ക് മാത്രമാണ് വഴിയുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധമില്ലാത്ത ബ്ലോക്കായതിനാൽ രോഗം പകരാതെ സൂക്ഷിക്കുവാൻ എളുപ്പമാണ്. അതിനാലാണ് നിപ്പ വൈറസ് സംശയിക്കുന്നവർക്കായി ഈ ബ്ലോക്ക് തന്നെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷം നിപ്പ വൈറസ് വന്നതിനാൽ ഇത്തവണ അപരിചിതത്വം കൂടാതെ സധൈര്യം തയ്യാറാണ് മെഡിക്കൽ കോളേജ് ആശുപത്രിയും സ്റ്റാഫുകളും. കഴിഞ്ഞ വർഷം നിപ്പ ബാധിച്ച രോഗികളെ പരിചരിച്ച നഴ്സുമാരുടെ സംഘം ഇന്നലെ രാവിലെയോടെ എറണാകുളം ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. അതേ പരിചിതത്വത്തോടെയാണ് കോഴിക്കോട് ഐസൊലേഷൻ വാർഡ്. കഴിഞ്ഞ തവണ നിപ്പ സ്ഥിരീകരിച്ചപ്പോൾ തുടക്കം ഭയമായിരുന്നു. എന്നാൽ ഇപ്പോൾ ഭയമില്ല. നിപ്പ വൈറസിനെക്കുറിച്ചും അത് ബാധിച്ചവരെ എങ്ങനെ പരിചരിക്കണമെന്നും കൃത്യമായ ധാരണയുണ്ട് ഒരു ജീവനക്കാരി പറഞ്ഞു.