കോഴിക്കോട്: ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തെ വരവേൽക്കാൻ മഴക്കുട എന്ന പേരിൽ ഫല വൃക്ഷതൈകളുടെയും കാർഷികോപകരണങ്ങളുടെയും വിപണന മേള ടൗൺ ഹാളിൽ സംഘടിപ്പിച്ചു. വീട്ടുമുറ്റങ്ങൾക്ക് അലങ്കാരമായ ബഡ് ചെയ്ത കശുമാവ്, കുള്ളൻ കവുങ്ങ്, തേൻ വരിക്ക പ്ലാവ് തുടങ്ങിയ അൻപതോളം വരുന്ന ഫല വൃക്ഷത്തൈകളാണ് മേളയുടെ പ്രധാന ആകർഷണമെങ്കിലും സേവ് ഗ്രീനിന്റെ വനിതാ വിഭാഗമായ ഹരിത ശ്രീ വനിതാ കൂട്ടായ്മ തയ്യാറാക്കിയ പൂർണമായും തുണിയിൽ തീർത്ത സഞ്ചികൾ, കുഷ്യൻസ്, കോട്ടൺ തുണിത്തരങ്ങൾ എന്നിവയും ചക്കയും പഴവും ഉപയോഗിച്ച് ഉണ്ടാക്കിയ രുചികരമായ വിവിധ വിഭവങ്ങൾ, മുടിയുടെ സംരക്ഷണത്തിനായുള്ള മൈലാഞ്ചിപ്പൊടി, താളിപ്പൊടി തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൃഷി ആവശ്യത്തിനായുള്ള തൂമ്പ, മണ്ണുമാന്തി, അടയ്ക്ക പൊളിക്കുന്ന യന്ത്രം തുടങ്ങിയ ഉപകരണങ്ങളുടെ വിൽപനയും ഉണ്ട്. സേവ് ഗ്രീൻ സെക്രട്ടറി ചന്ദ്രശേഖരൻ നായർ മേള ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സമാപിക്കും.
# അടയ്ക്ക പൊളിക്കാം, അനായാസമായി
അടയ്ക്ക പൊളിക്കാനുള്ള ബുദ്ധിമുട്ടിൽ നിന്ന് മോചനം നൽകുകയാണ് കൊയിലാണ്ടി പന്തലായനി സ്വദേശി രാമകൃഷ്ണൻ. തറയിൽ വച്ചോ മേശപ്പുറത്ത് വച്ചോ അടയ്ക്ക പൊളിക്കാവുന്ന ഉപകരണവുമായാണ് ഇദ്ദേഹം മേളയിൽ എത്തിയിരിക്കുന്നത്. നിലവിൽ വിപണിയിൽ ലഭ്യമാവുന്ന അടയ്ക്ക പൊളിക്കുന്ന ഉപകരണങ്ങളെ അപേക്ഷിച്ച് അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നതും വില കുറവുമാണ്. അടയ്ക്ക പൊളിക്കുമ്പോൾ വിരലുകൾ കുടുങ്ങമോയെന്ന ഭീതി കൂടാതെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഭാരം കുറഞ്ഞ ഇതിന് 500 രൂപയാണ് വില വരുന്നത്. ഭാരം കുറഞ്ഞ ഉപകരണമായതുകൊണ്ട് എവിടെയും കൊണ്ടുപോവാനും കഴിയും. മണിക്കൂറിൽ 1500 അടയ്ക്ക ഇതിൽ പെളിച്ചെടുക്കാനാകുമെന്ന് രാമകൃഷ്ണൻ പറയുന്നു. സർക്കാർ സ്ഥാപനമായ റെയ്ഡ്കോ രാമകൃഷ്ണന്റെ ഉപകരണം പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ട്.