കോഴിക്കോട്: മാലിന്യ സംസ്ക്കരണത്തിന് മറ്റേത് വിഷയത്തേക്കാളും പ്രാധാന്യം നൽകണമെന്ന് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഏറാമല ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ സംസ്ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്ക്കരണ വിഷയത്തിൽ മുൻകയ്യെടുക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങിയാൽ ജനങ്ങളുടെ എതിർപ്പുണ്ടാകുമെന്നത് ആശങ്ക മാത്രമാണ് .നിലവിലെ ടെക്നോളജി കൊണ്ട് എല്ലാ മാലിന്യ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ കഴിയും.
ഭൂമിയുടെ ഘടന തന്നെ മാറിയിരിക്കുകയാണ് വിഷലിപ്തമായ ഭൂമിയെ നമുക്ക് തിരിച്ചുപിടിക്കണം. വിഷം കലരാത്ത വളങ്ങൾ നാം ഇനി ഉപയോഗിക്കണം. മാലിന്യമില്ലാതാക്കാൻ ജനങ്ങളുടെ പൊതുബോധം പ്രധാനമാണ്. പൊതുഇടങ്ങളും മാലിന്യമില്ലാതെ സംരക്ഷിക്കണം. ഇതിന് എല്ലാ കുടുംബങ്ങളും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. സി.കെ. നാണു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്ക്കരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മാരായഎ.ടി. ശ്രീധരൻ , ടി.‌കെ. രാജൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ബിന്ദു , മനയത്ത് ചന്ദ്രൻ , എൻ. വേണു , ബേബി ബാലമ്പ്രത്ത് , ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് രാഷ്ട്രീയ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.