മെഡിക്കൽ കോളേജ് ( കോഴിക്കോട് ) : കൊച്ചിയിൽ നിപ്പ ബാധ സാഹചര്യം ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിന് ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചത്. ആദ്യ ഘട്ടമെന്ന നിലയിൽ ഐസോലേഷൻ വാർഡ് പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. പനി ബാധിച്ചവരാണ് കൂടുതലായി ഇപ്പോൾ മെഡിക്കൽ കോളേജിലെത്തുന്നത്. ഇവരെ പ്രത്യേകം നിരീക്ഷിക്കും. എന്തെങ്കിലും സംശായാസ്പദമായി കാണുകയാണെങ്കിൽ അവരെ പ്രത്യേകം തയ്യാറാക്കിയ ഫീവർ ക്ലിനിക്കിലേക്ക് മാറ്റുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.വി.ആർ രാജേന്ദ്രൻ പറഞ്ഞു. പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും. അനാവശ്യ സന്ദർനങ്ങൾ പൂർണമായും നിരോധിച്ചു. പറ്റുമെങ്കിൽ രോഗിയുടെ ഒപ്പം ഒരാളിൽ കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് മുൻപ് നടത്തിയ ജാഗ്രതാ മുൻകരുതലുകൾ അതുപോലെ തുടരുമെന്നും , വൈറസ് ബാധയുടെ കാര്യത്തിൽ പരിഭ്രമം ആവശ്യമില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും അവലോകനത്തിൽ കോളേജ് സൂപ്രണ്ട് പറഞ്ഞു .നിപ' സ്ഥിരീകരണം സംബന്ധിച്ച് പൊതുജനങ്ങളുമായി സംസാരിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. എല്ലാ സ്ഥിരീകരിച്ച വിവരങ്ങളും സംസ്ഥാനസർക്കാർ കൃത്യമായി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്.
0471 ,2552056 , 1056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും പൊതു ജനങ്ങൾക്ക് വിളിക്കാവുന്നതാണ് .
@ജാഗ്രത നിർദേശങ്ങൾ
ഭക്ഷണം കഴിക്കും മുൻപ് സോപ്പ് ഉപയോഗിച്ച് നന്നായി കൈ കാലുകൾ വൃത്തിയാക്കുക.
പഴങ്ങളും പച്ചക്കറികളും സോപ്പ് ഉപയോഗിച്ച് കഴുകുക.
മൃഗങ്ങളും പക്ഷികളും കഴിച്ചതോ പുഴു കുത്തിയതോ ആയ പഴങ്ങൾ കഴിക്കാതിരിക്കുക.
ഹാൻഡ് സാനിറ്റെസർ ഉപയോഗിക്കുക
തിളപ്പിച്ചാറിയ വെള്ളവും ഭക്ഷണവും കഴിക്കുക.
ആശുപത്രി, ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനം ഒഴിവാക്കുക.