പേരാമ്പ്ര : ജില്ലാ കളക്ടർ സാംബശിവയും ബാലുശ്ശേരി എം. എൽ. എ പുരുഷൻ കടലുണ്ടിയും കരിങ്കൽ ഖനന ഭീഷണി നേരിടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമല സന്ദർശിച്ചു. ഞായറാഴ്ച്ച വൈകീട്ട് 6 മണിക്കെത്തിയ സംഘം മലയിലെ ജലസമൃദ്ധമായ കിണറുകളും മറ്റ് ജലസ്രോതസുകളും മുമ്പ് ഉരുൾപൊട്ടലുണ്ടായ സ്ഥലവും സന്ദർശിച്ചു. ഉരുൾപൊട്ടലിൽ അപകട ഭീഷണിയിലുള്ള വീടുകളിലും കളക്ടർ സന്ദർശനം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് പൊളിച്ച സ്ഥലവും കളക്ടർ കണ്ടു. കളക്ടർ വരുന്ന വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജാ കാറാങ്ങോട്ടിന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി സമരസമിതി പ്രവർത്തകർ ചെങ്ങോടുമലയിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ കാത്തുനിന്നവർ കളക്ടറെ കണ്ട് മടങ്ങിയത് 7 മണിയോടെയാണ്. വിദഗ്ധ പഠനം നടത്താതെ ഖനനത്തിന് അനുമതി നൽകില്ലെന്ന് കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, വൈ: പ്രസിഡന്റ് കെ. കെ. ബാലൻ, ബ്ലോക്ക് വൈ: പ്രസിഡന്റ് എം. ചന്ദ്രൻ ആക്ഷൻ കൗൺസിൽ കൺവീനർ ചീനിക്കൽ സുരേഷ്, കൊളക്കണ്ടി ബിജു, ദിലീഷ് കൂട്ടാലിട, ടി. ഷാജു, പി. സി. പ്രമോദ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.