പെരിന്തൽമണ്ണ: വലമ്പൂരിൽ മർദ്ദനമേറ്റ 20കാരനെതിരെ, കൂട്ടുകാരിയെന്ന് യുവാവ് പറഞ്ഞ പെൺകുട്ടി പരാതി നൽകി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാതായ്ക്കര നാഷിദ് അലിക്കെതിരെ (20) പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. യുവാവുമായി നേരത്തെ ഇഷ്ടത്തിലായിരുന്നു.
വിവാഹം ആലോചിക്കുകയും പിന്നീട് വേണ്ടെന്നുവയ്ക്കുകയും ചെയ്തു. ഇതിന്റെ വിദ്വേഷം തീർക്കാനായാണ് യുവാവ് വീട്ടിലെത്തിയതെന്ന് പരാതിയിൽ പറയുന്നു. അതേസമയം യുവാവിനെ ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ഏഴ് പ്രതികളുള്ള കേസിലെ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. പരിക്കേറ്റ യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.