കോഴിക്കോട്: കോർപ്പറേഷന്റെ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളിൽ ജനങ്ങളിൽ നിന്ന് പൂർണ്ണ സഹകരണം ലഭിക്കുന്നില്ലെന്നും ഇതിൽ മാറ്റം വേണമെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ റസിഡൻസ് അസോസിയേഷൻ പ്രവർത്തനം ശക്തമായ മേഖലകളിൽ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലം ആരംഭിക്കുന്നതോടെ എലിപ്പനി പോലുള്ള രോഗങ്ങൾ പടരാൻ സാദ്ധ്യത ഉണ്ട്. ഇത് തടയാൻ കോർപ്പറേഷൻ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത ജനങ്ങൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ചില നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു.
കെട്ടിക്കിടക്കുന്ന ജലത്തിൽ പണിയെടുക്കുന്നവർ എലിപ്പനിക്കെതിരെയുള്ള സൗജന്യ ചികിത്സ സ്വീകരിക്കണം.
കയ്യുറകളും കാലുറകളും ധരിക്കുക, മുറിവുകൾ ജലവുമായി സമ്പർക്കം വരാതെ കെട്ടി സൂക്ഷിക്കണം.
ഏതെങ്കിലും പ്രദേശത്ത് പകർച്ചവ്യാധി റിപ്പോർട്ട് ചെയ്താൽ ഉടനടി ആരോഗ്യ വിഭാഗത്തെ അറിയിക്കണം.
വെള്ളം കെട്ടി നിന്ന് കൊതുക് വളരാൻ സാദ്ധ്യതയുള്ള ഇടങ്ങൾ സ്ഥലങ്ങൾ കണ്ടെത്തി സ്ഥാപന ഉടമ തന്നെ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തണം. ഇതിന് വല്ല തടസ്സവുമുണ്ടെങ്കിൽ ആരോഗ്യ വിഭാഗത്തെ അറിയിക്കണം.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ വേണ്ടത്ര ശുചിത്വം ഉറപ്പ് വരുത്തുന്നതിന് സ്ഥാപന ഉടമ ശ്രദ്ധിക്കണം.
മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങൾ തടയുന്നതിന് തിളപ്പിച്ച് ആറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
ഹോട്ടൽ , കൂൾ ബാർ , കാന്റീനുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട് സ്ഥാപനങ്ങളിൽ സൂക്ഷിക്കണം. ആറ് മാസത്തിനുള്ളിൽ പരിശോധിച്ചവയാവണം.
സ്ഥാപനങ്ങളിൽ വെള്ളം സപ്ളൈ ചെയ്യുന്നവർ പരിശോധന സർട്ടിഫിക്കേറ്റിന് കോപ്പി സ്ഥാപനങ്ങളിൽ നൽകണം.
ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ വ്യക്തി ശുചിത്വം ഉറപ്പാക്കേണ്ടതാണ്.
കിണർ വെള്ളം മാസത്തിൽ ഒരു തവണ ക്ളോറിനേഷൻ നടത്തണം. ആവശ്യമായ ബ്ളീച്ചിംഗ് പൗഡർ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ ലഭ്യമാണ്.
ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടെങ്കിൽ കോഴിക്കോട് നഗരത്തിൽ ഇത്തവണ ജലജന്യ പകർച്ച വ്യാധികൾ ഇല്ലാതെ കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്നും മേയർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡപ്യൂട്ടി മേയർ മീരാ ദർശക്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. വി ബാബുരാജ് എന്നിവരും പങ്കെടുത്തു.