വടകര: വടകര റെയിൽവെ സ്റ്റേഷൻ റോഡിൽ പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളിൽ മോഷണം. കിന്റർഗാർട്ടൻ പ്ലെ സ്കൂളിലും, തൊട്ടുള്ള മിൽമ ബൂത്തിലുമാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. സ്കൂളിലെ അളമാരകളും മേശയും കുത്തിത്തുറന്ന് സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. എന്നാൽ മിൽമ ബൂത്തിൽ നിന്നും പതിനായിരം രൂപ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുത്തൻ നോട്ട് വാങ്ങി വച്ചതായിരുന്നു. കട്ടർ ഉപയോഗിച്ച് സ്കൂളിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ബൂത്തിന്റെ ഷട്ടറും പൂട്ടും മുറിച്ചുമാറ്റിയാണ് കൃത്യം നടത്തിയത്. ഇവിടെ നിന്നും കല്പറ്റ എസ് ബി ഐ ശാഖയിലേക്ക് അയച്ച 25000 രൂപയുടെ റശീതും 20 രൂപയും ലഭിച്ചിട്ടുണ്ട്. ഇത് മോഷ്ടാവിന്റെ താണെന്ന് കരുതുന്നു. ഇരു സ്ഥാപനത്തിനും എതിർ ഭാഗത്തായി സ്കൂൾ മാനേജർ ഗോപാലകൃഷ്ണന്റെ ബന്ധുവിന്റെ വീടാണ്. ഇവർ രാത്രി 11 മണിക്ക് ശേഷമാണ് ഉറങ്ങാൻ കിടന്നത്. ഇതിനു ശേഷമായിരിക്കും കളവ് നടന്നതെന്ന് കരുതുന്നു. വടകര പൊലീസ് സ്റ്റേഷൻ സമുച്ചയം സ്ഥിതി ചെയ്യുന്നതിന് സമീപം നടന്ന മോഷണം നാട്ടുകാരിൽ അങ്കലാപ്പ് ഉണ്ടാക്കിയിരിക്കയാണ്.