വടകര: സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലും ഈ വർഷം തന്നെ മാവേലി സ്റ്റോർ സ്ഥാപിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഇതിനായി തദ്ദേശ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. മുക്കാളി ടൗണിൽ തുടങ്ങിയ മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം . സബ്‌സിഡി നിരക്കിൽ മാവേലി സ്റ്റോർ വഴി വിതരണം ചെയ്യുന്ന 14 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് ഈ സർക്കാർ വന്നതിനു ശേഷം വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിപണിയിൽ സാധനങ്ങൾക്ക് വില കുത്തനെ ഉയർന്നെങ്കിലും മാർക്കറ്റിൽ ഇടപെട്ട് വിലനിലവാരം പിടിച്ചു നിർത്താൻ ഇത്തരം നടപടികൾക്ക് സാധിച്ചു വെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന അരി അടക്കമുള്ള സാധനങ്ങൾക്ക് ഇന്ധന വില വർദ്ധനവ് മൂലം കടത്ത് കൂലിയടക്കം കുത്തനെ ഉയർന്നെങ്കിലും വിലവർദ്ധിപ്പിക്കാതെ മാവേലി സ്റ്റോറുകളുടെ പ്രവർത്തനം തുടരുകയാണ്. സംസ്ഥാനത്ത് മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായും , സൂപ്പർ മാർക്കറ്റുകൾ ഹൈപ്പർ മാർക്കറ്റുകളായുംഉയർത്തുകയാണ്. കുപ്പി വെള്ള ലോബികളിൽ നിന്ന് രക്ഷ നേടാനായിഒരു ലിറ്ററിന് പതിനൊന്ന് രൂപ നിരക്കിൽ മാവേലി സ്റ്റോർ വഴി കുപ്പി വെള്ള വിതരണം തുടങ്ങി. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കാൻ റേഷൻ കടകളുടെ പ്രവർത്തനം സുതാര്യമാക്കും . ഇതിന്റെ ഭാഗമായി റേഷൻ കാർഡ് വഴി കൃത്യമായ അളവിൽ റേഷൻ എത്തിക്കാൻ ഇ പോസ് മെഷീനുകൾ ത്രാസുമായി ബന്ധിപ്പിക്കും . സി.കെ. നാണു എം. എൽ എ അധ്യക്ഷത വഹിച്ചു . ആദ്യ വിൽപ്പന അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് റീനരയരോത്ത് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് എ.ടി. ശ്രീധരൻ , ഉഷ ചാത്തൻ കണ്ടി , പി.പി ശ്രീധരൻ , വി.പി.ജയൻ , കെ.വി.രാജൻ , എം.പി ബാബു പ്രദീപ് ചോമ്പാല, പി. ബാബുരാജ് , ശുഭ മുരളീധരൻ, ഹാരീസ് മുക്കാളി , വിജയൻ കല്ലാമല, ഒ.ബാലൻ , വി.പി പ്രകാശൻ പി.കെ. രാമചന്ദ്രൻ, അരുൺകുമാർ, എൻ. രഘുനാഥ്,മുബാസ് കല്ലേരി എന്നിവർ സംസാരിച്ചു