കുന്ദമംഗലം : കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കുന്ദമംഗലം പി.എച്ച്.സിയില്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്പിറ്റല്‍ വെയ്റ്റിംഗ് ഏരിയ നിര്‍മ്മാണത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. വൈദ്യൂതീകരണം കൂടി പൂര്‍ത്തീകരിക്കുന്നതോടെ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ ഒരു ഡോക്ടറുടെയും രണ്ട് നഴ്‌സുമാരുടെയും ഒരു ലാബ് ടെക്‌നീഷ്യന്റെയും തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവുന്നതിന് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
പ്രിവന്റീവ്, പ്രൊമോട്ടീവ്, ക്യൂറേറ്റീവ്, റിഹാബിറ്റേറ്റീവ്, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നുവരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫാമിലി മെഡിസിന്‍ വിഭാഗത്തിനു കീഴില്‍ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി മെഡിസിന്‍' സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നതായും എം.എല്‍.എ പറഞ്ഞു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, വൈസ് പ്രസിഡന്റ് കെ.പി.കോയ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദ, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഹസീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം സുരേഷ് ബാബു, നിര്‍വ്വഹണ ഏജന്‍സി യായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയുടെ സൈറ്റ് എഞ്ചിനീയര്‍ ടി.കെ മുരളീധരന്‍, കണ്‍സല്‍ട്ടന്റ് കെ.ടി അസീസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.