കോഴിക്കോട്: പ്രവേശനോത്സവം നടക്കുമ്പോൾ കൈയിലൊരു പ്ലാസ്റ്റിക് പൊതിയുമായാണ് ആ മൂന്ന് വിദ്യാർത്ഥികൾ കൊടുവള്ളി ജി.എം.എൽ.പി സ്‌കൂളിലേക്കെത്തിയത്. വിനോദയാത്ര പോകാനായി സ്വരൂപിച്ച പണക്കുടുക്കയായിരുന്നു പ്ലാസ്റ്റിക് പൊതിയിൽ. നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങാനുള്ള സ്‌കൂൾ ഫണ്ടിലേക്ക് ഈ പണം സംഭാവന ചെയ്യാനായിരുന്നു പഠിക്കുന്ന സ്‌കൂളല്ലാഞ്ഞിട്ടും ഈ മൂവർ സംഘം സ്‌കൂളിലെത്തിയത്.

പെരുന്നാൾദിനത്തിൽ വിനോദയാത്ര പോകാനുള്ള ആഗ്രഹം മാറ്റിവെച്ചാണ് കൊടുവള്ളി സ്വദേശികളായ ഷഹീൽ കൊഴങ്ങോറൻ എ.വി റസൽ, എ.വി ഷാദിൻ എന്നീ വിദ്യാർത്ഥികൾ പഠനോപകരണം നൽകാൻ സ്‌കൂൾ ഫണ്ടിലേക്ക് പണം കൈമാറിയത്.സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ശരീഫ കണ്ണാടിപ്പൊയിൽ തുക കുട്ടികളിൽ നിന്ന് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ഒ.പി റസാഖ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ കെ.കുട്ടിനാരായണൻ, നഗരസഭ കൗൺസിലർ കെ.ശിവദാസൻ കെ.കെ. ഇബ്‌നു, പി.ടി.അസ്സയിൻകുട്ടി, നൂർമുഹമ്മദ്, സൈദു ഷബ്‌ന, മൊയ്തീൻകോയ, കെ.മജീദ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ആർ സി ശരീഫ് സ്വാഗതവും ഫൈസൽ പടനിലം നന്ദിയും പറഞ്ഞു.