cement

കോഴിക്കോട്: പ്രമുഖ കമ്പനികൾ യാതൊരു നീതീകരണവുമില്ലാതെ വീണ്ടും സിമന്റ് വില വർദ്ധിപ്പിച്ചതായി സ്വകാര്യ കരാറുകാരുടെ സംഘടനയായ പി .ബി .സി.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്നും അവർ പറഞ്ഞു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കളക്‌ട്റേറ്റിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തും.

കഴിഞ്ഞ ദിവസം മാത്രം സിമന്റിന് 10 മുതൽ 50 രൂപ വരെയാണ് പ്രമുഖ കമ്പനികൾ വർദ്ധിപ്പിച്ചത്. എ. സി .സി , ശങ്കർ ,അൾട്റാടെക് എന്നീ കമ്പനികളാണ് വില വർദ്ധിപ്പിച്ചത്. ഇതോടെ ചാക്കിന് 440 മുതൽ 450 രൂപവരെയായി. ഒരു അറിയിപ്പുമില്ലാതെയാണ് കമ്പനി വില കൂട്ടിയിരിക്കുന്നത് .അന്യായമായി വില വർദ്ധിപ്പിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണം.വില വർദ്ധനവിലൂടെ 1500 കോടി രൂപയാണ് കമ്പനികൾ അധിക ലാഭമായി കേരളത്തിൽ നിന്ന് നേടുന്നത്.


കേരളത്തിനാവശ്യമായ സിമന്റിന്റെ 10 ശതമാനത്തിൽ താഴെയാണ് മലബാർ സിമന്റ് ഉല്പാദിപ്പിക്കുന്നത് . പ്രളയാനന്തര നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജീവൻ വെച്ച് വരുന്ന സമയത്തെ വിലക്കയറ്റം വൻ തിരിച്ചടിയാകും- വാർത്താസമ്മേളനത്തിൽ പി ബി സി എ സെക്രട്ടറി, മറ്റ് ഭാരവാഹികളായ സി.കെ രാജീവ് , കെ കൃഷ്ണൻകുട്ടി , വി എം ഷംസുദ്ദീൻ എന്നിവർ പറഞ്ഞു.