വടകര: പൊതുമേഖലാ സ്ഥാപനങ്ങൾ പലതും നിശ്ചിതകാലം കഴിയുമ്പോൾ പൊതു സമൂഹത്തിന് ബാധ്യതയാവുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്. സപ്ലൈക്കോ സ്റ്റോറുകളിൽ അരി വിതരണത്തിൽ അടുത്തിടെ കൊണ്ടുവന്ന നിയന്ത്രണമാണ് പുതിയ ചർച്ചക്ക് ഇടയാക്കിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കേരളീയർക്ക് പുഴുക്കലരിയാണ് മുഖ്യമായും ആവശ്യമായിട്ടുള്ളത്. ഇത് റേഷൻ ഷാപ്പുകളിൽ എല്ലാ കാർഡുകാർക്കും വിതരണം ചെയ്യുന്നില്ല. ഇതിനിടയിലാണ് സപ്ലൈക്കോയിൽ പുഴുക്കലരി കിലോ 25 രൂപ നിരക്കിൽ സബ്സിഡിയിൽ വിതരണം ചെയ്യുന്നത് മൂന്ന് കിലോ മാത്രമാക്കി നിയന്ത്രിച്ചിട്ടുള്ളത്. ചില സ്റ്റോറുകളിൽ സബ്സിഡിയില്ലാത്ത കിലോ 37 രൂപ നിരക്കിലെ അരി കൂടി വാങ്ങിയാൽ മാത്രമെ സബ്ബ് സിഡിയിലുള്ള 3 കിലോയും ലഭിക്കുക എന്ന നിയന്ത്രണവുമുണ്ട്. നിത്യോപയോഗ സാധനങ്ങളായ 13 ഇനങ്ങൾക്കാണ് സബ്ബ് സിഡിയിൽ വിലക്കുറവുള്ളത്. ഇതാകട്ടെ പലതും 500 ഗ്രാം, ഒരു കിലോ എന്നിങ്ങനെ നിയന്ത്രണ വിധേയമാണെങ്കിലും എല്ലാ സാധനങ്ങളും സ്റ്റോറിൽ എപ്പോഴും ഉണ്ടാവണമെന്നുമില്ല. പൂഴത്തിവെപ്പും അമിതലാഭം കൊയ്യുന്ന വിപണി വില നിയന്ത്രിക്കാനും വേണ്ടിയാണ് സപ്ലൈക്കോ, ലാഭം മാർക്കറ്റ്, മാവേലി സ്റ്റോർ തുടങ്ങിയ പേരുകളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിലടക്കം ഉപഭോക്താക്കളുടെ ക്യൂ നീളം കൂടിയതോടെ ഹൈപ്പർ മാർക്കറ്റുകൾ മത്സരവിലക്കുറവിൽ കച്ചവടം പൊടിപൊടിക്കുകയാണ്. ഇവിടെ സപ്ലൈക്കോ സ്റ്റോറുകളിൽ ലഭിക്കുന്നതിലും വിലക്കുറവിൽ സാധനങ്ങൾ യഥേഷ്ടം ഹൈപ്പർമാർക്കറ്റുകളിൽ സുലഭമാണ്. ഈ സ്ഥിതിയിലെ കെട്ടുകാര്യസ്ഥത പൊതുമേഖലയിലെ വിപണനത്തെ ബാധിക്കുമ്പോൾ വിദൂര ഭാവിയിൽ കെഎസ്ആർടിസിക്ക് സമാനമായി സപ്ലൈക്കോയും മാറുമെന്നാണ് ആശങ്ക. യാത്രക്കാരെ അമിത ചൂഷണം ചെയ്യുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ നിലവിൽ വന്ന കെഎസ്ആർടിസി ഇപ്പോൾ സ്വന്തം നിലനിൽപിനായി ചാർജ്ജ് വർദ്ധന നടപ്പിലാക്കുന്ന ത് സ്വകാര്യ ബസുകാർക്കും അനുഗ്രഹമാവുന്ന സ്ഥിതിയാണ്.