പേരാമ്പ്ര : ക്യാപ്റ്റൻ ലക്ഷ്മി ചാരിറ്റബിൾ ആന്റ് എജ്യുക്കേഷണൽ ട്രസ്റ്റ് വെള്ളിയൂർ വനിതാ വേദിയുടെ നേതൃത്വത്തിൽ കേരള പൊലീസ് കോഴിക്കോട് റൂറലിന്റെ സഹകരണത്തോടെ സ്ത്രീ സ്വയം സുരക്ഷ പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സ്വയം പ്രതിരോധിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൊച്ചാട് ഹയർ സെക്കന്ററി സ്‌കുളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത മനക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സജിത അധ്യക്ഷത വഹിച്ചു. വടകര വനിത സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സരിത, സുനിത എന്നിവർ ക്യാമ്പ് നയിച്ചു. ട്രസ്റ്റ് സെക്രട്ടറി ഖാദർ വെള്ളിയൂർ സ്വാഗതവും വി. പത്മിനി നന്ദിയും പറഞ്ഞു.