കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി തന്റെ കർമ്മ മേഖലയായ കോഴിക്കോട് എത്തിയ വി മുരളീധരന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവത്തകരും നഗരവാസികളും ചേർന്ന് അത്യുജ്ജ്വല സ്വീകരണം നൽകി.
തൃശൂരിൽ നിന്ന് നേത്രാവതി എക്സ്പ്രസ്സിൽ വൈകീട്ട് ആറര മണിയോടെ നാലാം നമ്പർ പ്ളാറ്റ്‌ഫോമിൽ വന്നിറങ്ങിയ മുരളീധരനെ പ്രവർത്തകർ ഹർഷാരവത്തോടെയും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരിച്ചത്. തുടർന്ന് ഹാരാർപ്പണം നടത്താൻ തിക്കും തിരക്കുമായിരുന്നു. സ്റ്റേഷനിലെ യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കേണ്ടെന്ന് കരുതി സ്വീകരണ പരിപാടി ഒന്നാം നമ്പർ പ്ളാറ്റ് ഫോമിന്റെ മുൻ വശത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആവേശത്തിൽ മതിമറന്ന പ്രവർത്തകർ നാലാം പ്ളാറ്റ് ഫോമിൽ നിന്ന് ഒന്നാം നമ്പർ പ്ളാറ്റ് ഫോമിന്റെ മുൻ വശം വരെ മുദ്രാവാക്യം വിളിയോടെയാണ് ആനയിച്ചത്. അവിടെ ഒരുക്കിയിരുന്ന തുറന്ന വാഹനത്തിൽ കയറിയാണ് അദ്ദേഹം സംസാരിച്ചത്.തുടർന്ന് വിവിധ സംഘടനകൾക്ക് വേണ്ടി ഹാരാർപ്പണം നടത്തി.
സ്വീകരണ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് ടി. പി ജയചന്ദ്രൻ മാസ്റ്റർ, മറ്റ് ഭാരവാഹികളായ പി.എം വേലായുധൻ,വി വി രാജൻ, കെ. പി ശ്രീശൻ, വി.കെ സജീവൻ, പി രഘുനാഥ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ. പി പ്രകാശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ലിങ്ക് റോഡിലുള്ള സുകൃതീന്ദ്ര കലാമന്ദിർ ഹാളിൽ അനുമോദന യോഗം നടക്കുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും മന്ത്രിമാരുടെ സ്വീകരണ പരിപാടികൾ ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.