കോഴിക്കോട്: ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കരിഞ്ചോലമലയിൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തായി എൻ.എസ്.എസ്. വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങൾക്ക് ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാരാണ് വീട് നിർമ്മിച്ചു നൽകുന്നത്.
ഇന്നലെ നടന്ന രണ്ടു വീടുകളുടെ മേൽക്കൂരയുടെ കോൺക്രീറ്റ് പ്രവൃത്തിയിൽ ജില്ലയിലെ 134 യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർ പങ്കാളികളായി. 134 എൻ.എസ്.എസ് യൂണിറ്റുകളിലെ 13400 എൻ.എസ്.എസ് വളണ്ടിയർമാർ സ്വരൂപിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് വീടുകളുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നത്.
മദ്ധ്യവേനലവധി പോലും മാറ്റിവെച്ചാണ് എൻ.എസ്.എസ് യൂണിറ്റുകളിലെ വളണ്ടിയർമാർ വീടു നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും പങ്കാളിയകളായത്. മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി ആഗസ്റ്റ് മാസത്തോടെ രണ്ട് വീടുകളുടെയും താക്കോൽ കൈമാറുന്ന തരത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. കാരാട്ട് റസാഖ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള കരിഞ്ചോല പുനരധിവാസ കമ്മിറ്റി കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ നൽകിയ സ്ഥലത്താണ് വീട് നിർമ്മാണം നടക്കുന്നത്.
കോൺക്രീറ്റ് പ്രവർത്തിയുടെ ഉദ്ഘാടനം ജില്ലാ കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്തും വീടിന്റെ ഗുണഭോക്താവും പ്ലസ്ടു വിദ്യാർത്ഥിനിയുമായ അനന്യയും ചേർന്ന് നിർവഹിച്ചു. പ്രൊജക്ട് കോ-ഓർഡിനേറ്റർ എം.സതീഷ് കുമാർ, പി.എ.സി മെമ്പർമാരായ കെ.പി അനിൽകുമാർ, ടി.രതീഷ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ സെക്രട്ടറി സി.കെ.എ ഷമീർ ബാവ, അബ്ദു റഹിമാൻ,പ്രിൻസിപ്പൽ സെബിച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.