കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കാശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് ശേഖരിക്കുന്ന ഡ്രസ്സ് കളക്ഷൻ ഡ്രൈവിന് തുടക്കം കുറിച്ചു. പ്രൊവിഡൻസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികൾ ശേഖരിച്ച വസ്ത്രങ്ങൾ സിസ്റ്റർ ജെനീറ്റ, സുനിത ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ സി.ഡി.എസിന് കൈമാറിയാണ് ഡ്രൈവിന് തുടക്കം കുറിച്ചത്. സി.ഡി.എസ് നോർത്ത് ചെയർപേഴ്സൺ ടി.കെ ഗീത, സി.ഡി.എസ് സൗത്ത് വൈസ് ചെയർപേഴ്സൺ കെ മല്ലിക, നോർത്ത് ചെയർ പേഴ്സൺ ഷെമിമോൾ, എം.വി റംസി ഇസ്മായിൽ എന്നിവർ ചേർന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി. ജൂൺ രണ്ടിന് അർദ്ധ രാത്രി തീപിടുത്തമുണ്ടായ ജമ്മുവിലെ മറാട്ടെ മൊഹല്ലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് അയച്ചു കൊടുക്കുന്നതിനായാണ് ഈ വസ്ത്ര ശേഖരണം. 14 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ ഓഫീസിൽ വസ്ത്രങ്ങൾ സ്വീകരിക്കും. 35 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ ക്യാമ്പിലെ 400 ഓളം ടെന്റുകളാണ് കത്തിയമർന്നത്. ഇവർക്ക് ആവശ്യമായ വസ്ത്രങ്ങളും, ധാന്യങ്ങളും, തൊഴിലുപകരണങ്ങളുമാണ് ശേഖരിക്കുന്നത്. കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത്തെ ഡ്രസ്സ് കളക്ഷൻ ഡ്രൈവാണിത്. ഡ്രൈവിലേക്ക് പുതിയ വസ്ത്രങ്ങൾ കൂടാതെ പുനരുപയോഗത്തിന് സാധ്യമായ വസ്ത്രങ്ങളും സ്വീകരിക്കും. സാരി, ഷർട്ട്, പാൻസ്, മേക്സി, ദോത്തി, കുഞ്ഞുടുപ്പുകൾ, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് എന്നിവയാണ് സ്വീകരിക്കുക. പുതിയതും പഴയതും പ്രത്യേകമായി പാക്ക് ചെയ്യണം. വസ്ത്രങ്ങൾ കാർഡ് ബോർഡ് ബോക്സിലോ, പേപ്പർ കവറിലോ മാത്രമേ സ്വീകരിക്കുകയുള്ളൂ.