കോഴിക്കോട്: കാലവർഷം തുടങ്ങിയതോടെ കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി. മാവൂർ റോഡ് ജംഗ്ഷനിലും ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് മുൻവശത്തും മാനാഞ്ചിറ സ്ക്വയറിന് ചുറ്റിലുമായും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിലെ അഴുക്കുചാൽ പദ്ധതിയുടെ നിർമാണം പൂർത്തിയാകാത്തതും പൂർത്തിയായവയുടെ അറ്റകുറ്റപണികൾ കൃത്യമായി നടക്കാത്തതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമാവുന്നത്. മഴ പെയ്ത് തുടങ്ങുമ്പോഴേക്കും നഗരത്തിലെ റോഡുകളും പ്രധാനയിടങ്ങളും വെള്ളക്കെട്ടിലാവുന്ന സ്ഥിതിയാണ്. സമീപങ്ങളിലെ കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇതോടെ വെള്ളം കയറുന്നു.

വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി 2008ൽ കോർപറേഷൻ സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ അഴുക്കുചാൽ പദ്ധതിയ്ക്ക് രൂപം നൽകിയിരുന്നു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷവും ഈ വർഷവുമായി ഓടകളെ ബന്ധിപ്പിക്കുന്ന കലുങ്കുകളുടെ ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തിയും നടന്നിരുന്നു. ഓടകൾ വഴി വെള്ളം കനോലി കനാലിലേക്കും കടലിലേക്കും ഒഴുക്കിവിടുക എന്നായിരുന്നു അധികൃതർ ലക്ഷ്യമിട്ടിരുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടും കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ എങ്ങനെയാണ് ഇത്രയും വലിയ വെള്ളക്കെട്ടുകളുണ്ടായതെന്ന് അധികൃതർ ചിന്തിക്കേണ്ടതുണ്ട്.