കോഴിക്കോട്: മാലിന്യസംസ്‌കരണത്തിന് പുത്തൻ പദ്ധതികളുമായി ഉടുപ്പി എനർജി മാനേജ്മെന്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്. ശുചിത്വമിഷൻ, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മഹാത്മ വനിതാ ചാരിറ്റമ്പിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ മാലിന്യ സംസ്‌കരണ ക്ലബ്ബിന് തുടക്കം കുറിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ സീറോ വേസ്റ്റ് ജൈവവള ഉത്പാദനവും ആവശ്യമായ ഉപകരണവിതരണവുമാണ് കമ്പനി വഴി നടത്തുക. മാലിന്യനിർമ്മാർജ്ജനത്തിനുള്ള ഇൻസിനേറ്ററുകൾ, പ്ലാന്റുകൾ, കളിമൺ ഉത്പന്നങ്ങൾ എന്നിവയാണ് വിപണനത്തിന് എത്തിക്കുക. ഒരു കുടുംബത്തിന് 50 ശതമാനം കിഴിവിൽ മാലിന്യ സംസ്‌കരണ കിറ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുകയും ഇവർ ശേഖരിക്കുന്ന മാലിന്യം ജൈവവളമാകുമ്പോൾ സംഭരിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ജൂൺ 12ന് ഈസ്റ്റ് മൂഴിക്കലിൽ പ്രവർത്തനമാരംഭിക്കുന്ന ഓഫീസ്സിന്റെ ഉദ്ഘാടനം രാവിലെ പത്തിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു. വാർത്താസമ്മേളനത്തിൽ എം.ഡി അജിത്ത്കുമാർ അത്തോളി, ഉമ്മർ എന്നിവർ പങ്കെടുത്തു.