കോഴിക്കോട്: കാലവർഷ കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി താലൂക്കുകളിൽ കൺട്രോൾ റൂം ആരംഭിച്ചു. കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമേയാണിത്. 1077 ആണ് കളക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ.

താമരശേരി താലൂക്കിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 0495 2223088 ആണ് കൺട്രോൾ റൂം നമ്പർ. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ ഇവിടെ ജീവനക്കാരെ നിയമിച്ചതായി തഹസിൽദാർ ഐ ജെ മധുസൂദനൻ അറിയിച്ചു. കഴിഞ്ഞ വർഷം കട്ടിപ്പാറയിലും കണ്ണപ്പൻകുണ്ടിലും ഉരുൾപൊട്ടലും കൃഷിനാശവും വിവിധയിടങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകളെടുക്കാൻ താലൂക്കിലെ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ റൂം സൗകര്യങ്ങൾ മുൻകൂട്ടി കണ്ടെത്താനും ഇവയുടെ താക്കോൽ കൈവശം വെക്കാനും, ജെസിബി അടക്കമുള്ള യന്ത്ര സൗകര്യങ്ങൾ പെട്ടന്ന് തന്നെ ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനും നിർദ്ദേശിച്ചതായി തഹസിൽദാർ അറിയിച്ചു.

കടൽക്ഷോഭ ഭീഷണിയെ തുടർന്ന് കടലുണ്ടിയിൽ നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതി നേരിടാൻ കോഴിക്കോട് താലൂക്കിൽ കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ : 04952372966

കാലവർഷക്കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി വടകര താലൂക്കിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ കൺട്രോൾ റൂം ആരംഭിച്ചു. 04962522361 ആണ് കൺട്രോൾ റൂം നമ്പർ . 2 സീനിയർ ക്ലർക്ക്മാരും ഒരു വാഹനവും സദാ സന്നദ്ധമായിട്ടുണ്ടെന്ന് വടകര തഹസിൽദാർ ടി വി രഞ്ജിത്ത് അറിയിച്ചു.

കൊയിലാണ്ടി താലൂക്കിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചുവെന്ന് തഹസിൽദാർ ഇൻചാർജ് രേഖ എം അറിയിച്ചു. ചെങ്ങോട്ടുകാവ് വില്ലേജിൽ വളപ്പിൽ മൂന്ന് കുടിക്കൽ ബീച്ച് പരിസരത്ത് കടലാക്രമണം നേരിട്ടു ബസ് സ്റ്റോപ്പ് പൂർണമായി തകർന്നു. കൺട്രോൾ റൂം നമ്പർ 0496-2620235.