@ പരിശോധന ഇന്നും തുടരും
കോഴിക്കോട്: ജില്ലയിൽ വിൽക്കുന്ന വിവിധ കമ്പനികളുടെ പാലിൽ മായം കലർത്തിയിട്ടുണ്ടോ എന്നറിയാൻ വ്യാപക പരിശോധന നടത്തി. ബ്രാന്റഡ് കമ്പനികളുടെതുൾപ്പെടെയുള്ല 22 കമ്പനികളുടെ പാലാണ് ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചത്.
നഗരപരിധിയിലാണ് ഇന്നലെ പരിശോധന നടന്നത്. പാൽ കേടാകാതിരിക്കാനും ദീർഘകാലം സൂക്ഷിക്കാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു നടപടി. 12 സാമ്പിളുകളുടെ പ്രാഥമിക പരിശോധന ഇന്നലെ തന്നെ പൂർത്തിയായി. ഇവയിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.
പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള മറ്റ് പരിശോധനകൾക്ക് പാൽ സാമ്പിളുകൾ മലാപ്പറമ്പിലുള്ള റീജ്യണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ പി.കെ. ഏലിയാമ്മയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പരിശോധനാ ഫലം രണ്ടാഴ്ചക്കകം ലഭിക്കും. പരിശോധനാ ഫലം ലഭിക്കുന്നതിനനുസരിച്ച് തുടർ നടപടികൾ ജില്ലയിൽ 30 വ്യത്യസ്ത കമ്പനികളുടെ പാലാണ് വിൽപന നടത്തുന്നത്. സാമ്പിളുകൾ ശേഖരിക്കാത്ത എട്ട് കമ്പനികളുടെ പാൽ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ഇന്നലെ ശേഖരിച്ച പത്ത് സാമ്പിളുകളുടെ പരിശോധനയും നടക്കും. ഇന്ന് കൊടുവള്ളി, നരിക്കുനി, കുന്ദമംഗലം, രാമനാട്ടുകര എന്നിവിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസർമാരായ കെ. സുജയൻ, ജോസഫ് കുര്യാക്കോസ്, വിഷ്ണു എസ്. രാജ്, നീലിമ, സനീന മജീദ് എന്നിവർ പങ്കെടുത്തു.